കൽപ്പറ്റ: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളം 171 ന് പുറത്ത്. ഇതോടെ കേരളത്തിന്റെ ലീഡ് 194 റണ്‍സായി. 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന്‍ ഗുജറാത്ത് നാളെ ഇറങ്ങും. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ 44 റണ്‍സുമായി ജലജ് സക്‌സേനയും പിടിച്ചു നിന്നു. എന്നാല്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടതോടെ കേരളത്തിന്റെ ഇന്നിങ്‌സ് വേഗം അവസാനിക്കുകയായിരുന്നു.

കേരളനിരയില്‍ അഞ്ച് പേരാണ് സംപൂജ്യരായി മടങ്ങിയത്. നായകന്‍ സച്ചിന്‍ ബേബി 24 റണ്‍സ് മാത്രമാണ് നേടിയത്. ആദ്യ ഇന്നിങ്‌സിനിടെ പരുക്കേറ്റ് കളി മതിയാക്കി കേറിയ സഞ്ജു സാംസണ്‍ പത്താമനായി ക്രീസിലേക്ക് എത്തിയത് ആവേശക്കാഴ്ചയായി മാറി. കൈ വിരലിന് പരുക്കേറ്റ സഞ്ജു ഒരു കൈ ഉപയോഗിച്ചായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ സഞ്ജുവിനെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കി അക്‌സര്‍ പട്ടേല്‍ കേരളത്തെ ഓള്‍ ഔട്ടാക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ കേരളം ബാറ്റിങ് ആരംഭിക്കുമ്പോല്‍ 23 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. കളി അവസാനിക്കാന്‍ ഇനിയും മൂന്ന് ദിവസം ബാക്കി നില്‍ക്കെയാണ് കേരളം ശക്തമായൊരു ചെറുത്തു നില്‍പ്പിന് പോലും നില്‍ക്കാതെ പുറത്താകുന്നത്. പേസര്‍മാര്‍ കളി നിയന്ത്രിച്ച കൃഷ്ണഗിരിയില്‍ സിജോമോന്‍ മാത്രമാണ് പിടിച്ചു നിന്നത്.

ഗുജറാത്തിനായി കലാരിയയും അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സിടി ഗജയും പീയുഷ് ചൗളയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ കേരളം 185 റണ്‍സെടുത്ത് പുറത്തായിരുന്നു. പിന്നാലെ ഗുജറാത്തിനും ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. 162 റണ്‍സിനാണ് ഗുജറാത്ത് പുറത്തായത്. നാല് വിക്കറ്റുമായി സന്ദീപ് വാര്യരും മൂന്ന് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയും എം.ഡി.നിധീഷുമാണ് ഗുജറാത്തിനെ എറിഞ്ഞിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook