തിരുവനന്തപുരം: നായകൻ സച്ചിൻ ബേബിയുടെയും മുതിർന്ന താരം റോബിൻ ഉത്തപ്പയുടെയും മിന്നും പ്രകടനത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് കൂറ്റൻ സ്കോർ. ഡൽഹിക്കെതിരെ 525 റൺസിന് കേരളം ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നിൽക്കെയാണ് നായകൻ സച്ചിൻ ബേബി ഇന്നിങ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേരളത്തിന് വേണ്ടി റോബിൻ ഉത്തപ്പ, സച്ചിൻ ബേബി എന്നിവർ സെഞ്ചുറി തികച്ചപ്പോൾ രാഹുലിന് സെഞ്ചുറിക്ക് മൂന്ന് റൺസകലെ വിക്കറ്റ് നഷ്ടമായിരുന്നു. സൽമാൻ നിസാറും കേരളത്തിന് വേണ്ടി അർഥ സെഞ്ചുറി തികച്ചു.
Also Read: കോഹ്ലിയെ പുറത്താക്കിയിട്ടും നോട്ട്ബുക്ക് സെലിബ്രേഷന് ‘നോ’ പറഞ്ഞ് വില്യംസ്
മൂന്ന് വിക്കറ്റിന് 276 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വിഷ്ണു വിനോദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ മുഹമ്മദ് അസറുദ്ദീനും പുറത്തായതോടെ കേരളം തകർച്ച മുന്നിൽ കണ്ടെങ്കിലും നായകന് പിന്തുണയുമായി സൽമാൻ നിസാർ ക്രീസിലെത്തിയതോടെ കേരളം വീണ്ടും തിരിച്ചുവരികയായിരുന്നു.
നേരത്തെ ഓപ്പണർ രാഹുലിന്റെ അർധസെഞ്ചുറി പ്രകടനമാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. 97 റൺസാണ് രാഹുൽ ഡൽഹിക്കെതിരെ അടിച്ചെടുത്തത്. 174 പന്തിൽ 11 ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെയാണ് രാഹുൽ 97 റൺസ് നേടിയത്. സീസണിലെ ആദ്യ സെഞ്ചുറിയുമായി റോബിൻ ഉത്തപ്പയും തിളങ്ങി. ഏഴ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്സ്.
ഡൽഹി ബോളിങ് നിരയിൽ മൂന്ന് പേരാണ് നൂറിലധികം റൺസ് വിട്ടുനൽകിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ തേജസ് ബറോക്കയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം. ശിവം ശർമ, ലളിത് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.