തിരുവനന്തപുരം: രഞ്ജി ട്രോഫി ടൂർണമെന്റിൽ കേരളത്തിന്റെ വിജയ പ്രതീക്ഷകൾക്ക് തടയിട്ടു ഡൽഹി. ഡൽഹി ഓപ്പണർ കുനാൽ ചന്ദേലയും നിതീഷ് റാണയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി തികച്ചതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. അവസാന ദിനമായ ഇന്ന് ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 395 റൺസെടുത്തു.

കേരളം: 525/9, ഡൽഹി: 142, 395/4

ആദ്യ മത്സരത്തിൽ തന്നെ മികച്ച തുടക്കം ലഭിച്ചെങ്കിലും ജയമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കേരളത്തിനായില്ല. സമനിലയാണെങ്കിലും ആദ്യ ഇന്നിങ്സിൽ നേടിയ ലീഡ് കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചപ്പോൾ ഡൽഹിക്ക് ഒരു പോയിന്റ് മാത്രമേ ലഭിക്കൂ.

ബാറ്റിങ്ങിന് പുറമെ ബോളിങ്ങിലും കേരള താരങ്ങൾ ആധിപത്യം പുലർത്തിയപ്പോൾ ഡൽഹിയുടെ ആദ്യ ഇന്നിങ്സ് 142 റൺസിന് അവസാനിപ്പിക്കാൻ കേരളത്തിനായിരുന്നു. ആദ്യ ഇന്നിങ്സിൽ 383 റൺസിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ കേരള ബോളർമാരെ ഫലപ്രദമായി നേരിട്ട ഡൽഹി താരങ്ങൾ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

നായകൻ സച്ചിൻ ബേബിയുടെയും മുതിർന്ന താരം റോബിൻ ഉത്തപ്പയുടെയും മിന്നും പ്രകടനത്തിൽ ഡൽഹിക്കെതിരെ 525 റൺസിന് കേരളം ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നിൽക്കെയാണ് നായകൻ സച്ചിൻ ബേബി ഇന്നിങ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേരളത്തിന് വേണ്ടി റോബിൻ ഉത്തപ്പ, സച്ചിൻ ബേബി എന്നിവർ സെഞ്ചുറി തികച്ചപ്പോൾ രാഹുലിന് സെഞ്ചുറിക്ക് മൂന്ന് റൺസകലെ വിക്കറ്റ് നഷ്ടമായിരുന്നു. സൽമാൻ നിസാറും കേരളത്തിന് വേണ്ടി അർധ സെഞ്ചുറി തികച്ചു.

ഓപ്പണർ രാഹുലിന്റെ അർധസെഞ്ചുറി പ്രകടനമാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. 97 റൺസാണ് രാഹുൽ ഡൽഹിക്കെതിരെ അടിച്ചെടുത്തത്. 174 പന്തിൽ 11 ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെയാണ് രാഹുൽ 97 റൺസ് നേടിയത്. സീസണിലെ ആദ്യ സെഞ്ചുറിയുമായി റോബിൻ ഉത്തപ്പയും തിളങ്ങി. ഏഴ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook