നാഗ്‍പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിദർഭയ്ക്ക് കിരീടം. കരുത്തരായ സൗരാഷ്ട്രയെ കലാശപോരാട്ടത്തിൽ 78 റൺസിനാണ് വിദർഭ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് വിദർഭ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കുന്നത്. വിദർഭ ഉയർത്തിയ 206 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 127 റൺസിൽ പുറത്താവുകയായിരുന്നു.

മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സാർവതെയാണ് കളിയിലെ താരം. ആദ്യ ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ ആറും സൗരാഷ്ട്ര വിക്കറ്റുകളാണ് ആദിത്യ വീഴ്ത്തിയത്. ശക്തമായ ബാറ്റിങ് നിരകൾ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ എന്നാൽ കളം നിറഞ്ഞത് ബോളർമാരായിരുന്നു.

ടോസ് നേടിയ വിദർഭ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അർദ്ധസെഞ്ചുറി നേടിയ അക്ഷയ് കാർണേവർക്കൊപ്പം ബാറ്റെടുത്ത താരങ്ങളെല്ലാം ചെറിയ സ്കോർ സംഭാവന ചെയ്തതോടെ 312 എന്ന ഭേദപ്പെട്ട സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിൽ വിദർഭ സ്കോറിന് അടുത്തെത്താൻ കഴിഞ്ഞെങ്കിലും അഞ്ച് റൺസകലെ സൗരാഷ്ട്ര വീണു. സെഞ്ചുറി നേടിയ സ്നെല്ല പട്ടേലാണ് സൗരാഷ്ട്ര സ്കോറിങ്ങിന് വേഗത കൂട്ടിയത്.

രണ്ടാം ഇന്നിങ്സിൽ വിദർഭ 200 റൺസിന് പുറത്തായി. ഇതോടെ സൗരാഷ്ട്ര കന്നി കിരീടം മുന്നിൽ കണ്ടു. എന്നാൽ 49 റൺസ് നേടി വിദർഭയുടെ സ്കോർബോർഡിൽ രക്ഷകനായ അദിത്യ സാർവതെ ബോളിങ്ങിലും അവതരിച്ചതോടെ 127 റൺസിന് സൗരാഷ്ട്രയുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. വിദർഭയ്ക്ക് തുടർച്ചയായ രണ്ടാം കിരീടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook