ലാഹ്‌ലി: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ നോക്കൗട്ട് റൗണ്ട് സ്വപ്നങ്ങൾക്ക് സുവർണ പ്രതീക്ഷ. ഹരിയാനയ്ക്കെതിരായ മത്സരത്തിൽ വിജയത്തിലേക്ക് കുതിക്കുകയാണ് കേരളം. ആദ്യ ഇന്നിങ്സിൽ 181 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളം നേടിയത്. എന്നാൽ കേരളത്തിന്റെ ലീഡ് മറികടക്കാൻ ഇറങ്ങിയ ഹരിയാന ഇന്നിങ്സ് തോൽവിക്ക് അരികെയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഹരിയാന 5 വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്.

കേരളത്തിന്റെ ലീഡ് മറികടക്കാൻ ഹരിയാനയ്ക്ക് ഇനിയും 98 റൺസ് കൂടി വേണം. 65 പന്തിൽ 25 റൺസ് എടുത്ത രജത് പവലും 24 പന്തിൽ 15 റൺസ് എടുത്ത അമിത് മിശ്രയുമാണ് ക്രീസിൽ. 2 വിക്കറ്റ് വീതം നേടിയ ബേസിൽ തമ്പിയും, ജലജ് സക്സേനയുമാണ് ഹരിയാനയുടെ മധ്യനിരയെ തകർത്തത്.

അവസാന ദിനമായ നാളെ ഹരിയാനയെ നേരത്തെ പുറത്താക്കാനാണ് കേരളത്തിന്റെ ശ്രമം. ഹരിയാനക്കെതിരെ വിജയം നേടിയാൽ മാത്രമെ കേരളത്തിന് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാനാകു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ