ലാഹ്ലി: രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടവുമായി കേരളം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹരിയാനയെ ഇന്നിങ്സിനും 8 റൺസിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ഇതാദ്യമായിട്ടാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്നത്. 96/97 സീസണില്‍ സൂപ്പര്‍ ലീഗിലും 95/96 സീസണിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവുമാണ് ഇതിനു മുമ്പ് കേരളത്തിന്റെ മികച്ച പ്രകടനം. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ജയത്തോടെ ഗ്രൂപ്പിൽ 31 പോയിന്റുമായാണ് കേരളത്തിന്റെ മുന്നേറ്റം.
ആദ്യ ഇന്നിങ്സിൽ 181 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളം നേടിയത്. എന്നാൽ ഈ കടം വീട്ടാൻ ഇറങ്ങിയ ഹരിയാന ഇന്നലെ കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് കേരളത്തിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് മറികടക്കാൻ ഇറങ്ങിയ ഹരിയാനയ്ക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 130 പന്തിൽ 34 റൺസ് എടുത്ത രജത് പല്ലിവാലിനെ പുറത്താക്കി ജലജ് സക്സേനയാണ് കേരളത്തിന്റെ ഇന്നത്തെ കുതിപ്പിന് തുടക്കമിട്ടത്.
വാലറ്റത്ത് പിടിച്ചു നിന്ന നായകൻ അമിത് മിശ്രയെ വീഴ്ത്തി നിധീഷ് എം.ഡി ഹരിയാനയുടെ പ്രതിരോധം തകർത്തു. പിന്നാലെ എത്തിയ എച്ച്.വി. പട്ടേലിന്റെ വിക്കറ്റും നിധീഷ് തന്നെയാണ് വീഴ്ത്തിയത്. വാലറ്റത്ത് കേരളത്തിന്റെ വിജയം വൈകിപ്പിക്കാൻ ബി.പി.മേത്ത (32 റൺസ്) ശ്രമിച്ചെങ്കിലും നിധീഷ് കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. ജലജ് സക്സേന, നിധീഷ് എന്നിവര്‍ മൂന്ന് വിക്കറ്റും ബേസില്‍ തമ്പി 2 വിക്കറ്റുമാണ് രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി നേടിയത്.
ആദ്യ ഇന്നിങ്സിൽ ഹരിയാന 208 റൺസിനാണ് പുറത്തായത്. 4 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറാണ് ഹരിയാനയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 389 റൺസാണ് അടിച്ച് കൂട്ടിയത്. 93 റൺസ് എടുത്ത രോഹൻ പ്രേമും, 91റൺസ് എടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന്റെ ടോപ് സ്കോറർമാർ. 60 റൺസ് എടുത്ത ബേസിൽ തമ്പിയുടെ പ്രകടനവും നിർണ്ണായകമായി.
ഡേവിഡ് വാട്മോർ പരിശീലകനായതിന് ശേഷമാണ് കേരളം രഞ്ജി ട്രോഫിയിൽ അവിശ്വസനീയമായ കുതിപ്പ് നടത്തിയത്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, രോഹൻ പ്രേം, സന്ദീഷ് വാര്യർ എന്നിവർ ടീമിനായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. അന്യസംസ്ഥാനക്കാരനായ ജലജ് സക്സേനയുടെ പ്രകടനവും കേരളത്തിന്റെ വിജയത്തിൽ നിർണ്ണായകമായി.
ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സ്വന്തമാക്കി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും സഹിതം 34 പോയിന്റ് നേടിയ ഗുജറാത്താണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കേരളത്തിന് 31 പോയിന്റാണ് ളളത്. സൗരാഷ്ട്ര, ജമ്മു കശ്മീര്‍, ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന് ടീമുകളെ കേരളം തോല്പിച്ചപ്പോള് ഗുജറാത്തിനോട് പരാജയവും കേരളം ഏറ്റുവാങ്ങി.