സൂറത്ത്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാർട്ടറിലേക്ക് മുന്നേറിയ കേരളത്തിനെതിരെ വിദർഭ ഒന്നാം ഇന്നിംഗ്‌സിൽ 246 റൺസിന് ഓൾ ഔട്ടായി. കെസി അക്ഷയുടെ ബോളിംഗിന് മുന്നിൽ വിദർഭയുടെ മുൻനിര ബാറ്റ്സ്മാന്മാർ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറുന്ന കാഴ്ചയാണ് സൂറത്തിലെ മൈതാനം കണ്ടത്. അവസാന വിക്കറ്റിൽ വഖാറും ലളിത് യാദവും ചേർന്ന് നേടിയ 53 റൺസിന്റെ കൂട്ടുകെട്ടാണ് വിദർഭയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

27 റൺസെടുത്ത് വഖാർ പുറത്താകാതെ നിന്നു. ലളിത് യാദവ് 24 റൺസെടുത്തു. കെസി അക്ഷയ് ആണ് വിദർഭ ബാറ്റിംഗിന്റെ മുനയൊടിച്ചത്. അക്ഷയ് കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റുകൾ പിഴുതു. ലളിത് യാദവിനെ വീഴ്ത്തി ജലജ് സക്സേന വിദർഭ ഇന്നിംഗ്സിന് അവസാനം കുറിച്ചു. സക്സേന മൂന്ന് വിക്കറ്റുകളും ബേസിൽ തമ്പി, എംഡി നിതീഷ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

രഞ്ജി ട്രോഫിയിലെ കേൾവികേട്ട വിദർഭയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്മാരെ തുടക്കത്തിൽ തന്നെ മടക്കാൻ കഴിഞ്ഞത് കേരളത്തിന് അനുകൂലമായി കളിയെ തിരിച്ചു. ക്യാപ്റ്റൻ ഫസൽ രണ്ട് റണ്ണിനും രാമസ്വാമി 17 റണ്ണിനുമാണ് കൂടാരം കയറിയത്. ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടുന്ന ടീമിന് മത്സരം സമനിലയിൽ കലാശിക്കുകയാണെങ്കിൽ സെമിയിലേക്ക് പ്രവേശിക്കാനാവും.

ഒരു ഘട്ടത്തിൽ ആറിന് 95 എന്ന നിലയിലായിരുന്നു വിദർഭ. എവി വഡ്‌കർ (53), എഎ സർവാതെ(36) എന്നിവരുടെ ഏഴാം വിക്കറ്റ് പാർട്‌ണർഷിപ്പ് ടീം സ്കോറിനെ 169 ൽ എത്തിച്ചു. വാലറ്റക്കാരെ കൂട്ട്പിടിച്ച് പൊരുതിയ വഡ്‌കർ ഒൻപതാമനായാണ് കൂടാരം കയറിയത്. കരൺ ശർമ്മ 31 റൺസെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ