റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 451 റൺസിന് അവസാനിച്ചു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെയ്ൻ മാക്‌സ്‌വെല്ലിന്റെയും സെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്കോറിലെത്തിയത്. സ്മിത്ത് പുറത്താകാതെ 178 റൺസെടുത്തു. മാക്‌സ്‌വെൽ 104 റൺസെടുത്തു പുറത്തായി.

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ഒരു ഘട്ടത്തിൽ തകരുമെന്നു വക്കിലെത്തിയ ഓസീസിനെ സ്മിത്തും മാക്‌സ്‌വെല്ലും ചേർന്നാണ് കരകയറ്റിയത്. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞടുക്കുകയായിരുന്നു. വാർണറുടേയും റെൻഷോയുടെയും മികവിൽ മികച്ച തുടക്കമാണ് ഓസ്ട്രേലിയ നേടിയത്. എന്നാൽ വാർണറെ വീഴ്ത്തി രവീന്ദർ ജഡേജ ഈ കൂട്ടുകെട്ട് പിരിച്ചു. റെൻഷോയെ വിരാട് കോഹ്‌ലിയുടെ കൈകളിൽ എത്തിച്ച് ഉമേഷ് യാദവ് ഇന്ത്യക്ക് മേൽക്കൈ നൽകി. രണ്ടു റൺസ് എടുത്ത് ഷോൺ മാർഷും, 19 റൺസ് എടുത്ത ഹാൻഡസ്കോംപിനെയും മടക്കി ഇന്ത്യ മേൽക്കൈ നേടുമെന്ന് തോന്നിച്ചു.​ എന്നാൽ മറുവശത്ത് തകർപ്പൻ ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് ഉറച്ചു നിന്നു.
india, australia
ഒരിടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗ്ലെയ്ൻ‌ മാക്സ്‌വെല്ലിനെ കൂട്ടുപിടിച്ച് സ്മിത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു. പതിയെ തുടങ്ങിയ മാക്സ്‌വെൽ പിന്നീട് ആക്രമണശൈലി പുറത്തെടുത്തു. അശ്വിനെയും രവീന്ദർ ജഡേജയെയും നിലം തൊടാൻ മാക്സ്‌വെൽ അനുവദിച്ചില്ല. ഇന്നു കളി തുടങ്ങിയപ്പോൾ മാക്‌സ്‌വെല്ലിന്റെ വിക്കറ്റാണ് ആദ്യം വീണത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഓസീസിനു വിക്കറ്റുകൾ ഓരോന്നു വീതം നഷ്ടമായി. മാത്യു വെയ്‌ഡ് 37 റൺസും ഒക്കീഫ് 25 റൺസുമെടുത്തു.
india, australia

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡജ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്നും അശ്വിൻ ഒരു വിക്കറ്റും നേടി. നാലു മൽസരങ്ങളുളള പരന്പരയിൽ ഇരു ടീമുകളും ഓരോ മൽസരം വിജയിച്ചിട്ടുണ്ട്. റാഞ്ചി ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ