റാഞ്ചി: തന്റെ നാടിനും രാജ്യത്തിനും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നേടി തന്ന നേട്ടങ്ങളുടെ പട്ടിക വളരെ വലുതാണ്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ധോണിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റാഞ്ചി സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാന്‍ഡിന് ധോണിയുടെ പേരു നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. ‘എംഎസ് ധോണി പവലിയന്‍’ എന്നെഴുതിയ ബോര്‍ഡ് ആ ഭാഗത്ത് ഇപ്പോള്‍ തന്നെ സ്ഥാപിച്ചു കഴിഞ്ഞു.

അതേസമയം, ഇത് സംബന്ധിച്ച് ജെഎസ്ലിഎ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ ഏകദിനം റാഞ്ചിയിലാണ് അരങ്ങേറുന്നത്. ഇതിന് മുമ്പു തന്നെ പണിപൂര്‍ത്തിയാക്കാനാണ് തീരുമാനം. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും മികച്ച പ്രകടനം കാഴ്ച്ച വച്ച ധോണി ഓസ്‌ട്രേലിയക്കെതിരായ ടീമിലുണ്ടാകുമെന്നുറപ്പാണ്. മാര്‍ച്ച് എട്ടിനാണ് റാഞ്ചിയിലെ ഏകദിനം.


ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമെന്നാണ് 37 കാരനായ ധോണിയെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വിശേഷിപ്പിച്ചത്. പവലിയന് ധോണിയുടെ പേരു നല്‍കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിനടക്കമുള്ള ഇതിഹാസങ്ങള്‍ക്ക് മാത്രം ലഭിച്ച നേട്ടമാകും ധോണിക്കും ലഭിക്കുക. നേരത്തെ തന്നെ രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ, ഖേല്‍ രത്‌ന എന്നിവ നല്‍കി ധോണിയെ ആദരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ