scorecardresearch
Latest News

‘ഭാവി നിങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണ്…’; സലാഹിന് റാമോസിന്റെ സന്ദേശം

പരുക്കിന് ശേഷം തുടര്‍ന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും വേദന കഠിനമായതോടെ സലാഹ് പുറത്തേക്ക് പോവുകയായിരുന്നു

Sergio Ramos, Muhammad Salah, Liverpool, Real Madrid, Champions League Final

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ വിവാദമായ ടാക്കിളിന് പിന്നാലെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് ആശംസകള്‍ നേര്‍ന്ന് റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്. ലോകകപ്പിന് മുമ്പ് സലാഹിന് പരുക്കില്‍ നിന്നും മുക്തനാകാന്‍ കഴിയട്ടെയെന്നാണ് റാമോസ് പറഞ്ഞത്.

‘ചിലപ്പോള്‍ ഫുട്‌ബോള്‍ നിങ്ങള്‍ക്ക് അതിന്റെ നല്ല വശവും മറ്റുള്ളവര്‍ക്ക് മോശം വശവും കാണിച്ചു തരും. എല്ലാത്തിനും മുകളില്‍ നമ്മളെല്ലാവരും പ്രൊഫഷണലുകളാണ്. എത്രയും പെട്ടെന്ന് സുഖമാവട്ടെ. ഭാവി നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു,” എന്നായിരുന്നു റാമോസിന്റെ വാക്കുകള്‍.

അതേസമയം, റാമോസിന്റെ ടാക്കിളില്‍ പരുക്കേറ്റ് പുറത്തായ മുഹമ്മദ് സലാഹ് ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ഈജിപ്ത് ദേശീയ ടീം. താരത്തിന്റെ പരുക്കിനെ കുറിച്ച് ലിവര്‍പൂള്‍ അധികൃതരുമായി സംസാരിച്ചെന്നും ദേശീയ ടീമിന്റെ ഔദ്യോഗിക ട്വിറ്റില്‍ പറയുന്നു.

സലാബിന്റെ തോളെല്ലിനാണ് പരുക്ക് പറ്റിയതെന്നും എന്നാല്‍ പരിശോധനയില്‍ താരത്തിന് ലോകകപ്പിന് മുമ്പ് തന്നെ ഭേദമാകാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ലിവര്‍പൂളും ഈജിപ്തും പറയുന്നത്.

റാമോസിന്റെ കൈകള്‍ക്കിടയില്‍ കുരുങ്ങി മുഖമടിച്ച് മൈതാനത്ത് വീണ ലിവര്‍പൂള്‍ താരത്തിന്റെ പരുക്ക് ഗുരുതരമുളളതാണെന്നാണ് വിവരം. സലാഹിന് ലോകകപ്പില്‍ കളിക്കാനാവുന്ന കാര്യം സംശയമാണെന്ന് ലിവര്‍പൂള്‍ കോച്ച് ജോര്‍ഗന്‍ ക്ലോപ്പ് പറഞ്ഞിരുന്നു.

ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി 44 ഗോളുകള്‍ നേടിയ താരം 31-ാം മിനിറ്റിലാണ് പരുക്കേറ്റ് പുറത്തേക്ക് പോയത്. പരുക്കിന് ശേഷം തുടര്‍ന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും വേദന കഠിനമായതോടെ സലാഹ് പുറത്തേക്ക് പോവുകയായിരുന്നു.

”വളരെ ഗുരുതരമായ പരുക്കാണ്,” ക്ലോപ് മാധ്യമങ്ങളോട് പറഞ്ഞു. തോളെല്ലിനോ, കഴുത്തെല്ലിനോ ആകാം പരുക്കേറ്റതെന്നും എന്തായാലും സാരമുളള പരിക്കാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട താരത്തിനെ നഷ്ടമായി’, ക്ലോപ്പ് പറയുന്നു.

റോമയില്‍ നിന്ന് ലിവര്‍പൂളിലേക്ക് ചേക്കേറിയ ശേഷം താരത്തിന്റെ പ്രകടനം അദ്ദേഹത്തെ ലിവര്‍പൂളിലെ ഒന്നാം നമ്പര്‍ താരമാക്കി മാറ്റി. പിന്നാലെ സ്വന്തം രാജ്യത്തിലും അദ്ദേഹം ഏറെ പ്രശംസകള്‍ നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ramose wishes easy recovey to mo salah