യുവേഫയുടെ പുരസ്‌കാര വേദിയിലെ അപ്രതീക്ഷിതമായ ഒരു സംഭവമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ചെയ്ത ‘പാപത്തിന്’ റാമോസ് മാപ്പ് ചോദിക്കുകയാണെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.
യുവേഫ പുരസ്‌കാര വേദിയില്‍ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരം വാങ്ങി ഇരിപ്പിടത്തിലേക്ക് പോകവെ ഒന്നാം നിരയിലുണ്ടായിരുന്ന മുഹമ്മദ് സലാഹിന്റെ തോളില്‍ കൈ വച്ച് സെര്‍ജിയോ റാമോസ്. സൗഹൃദ രൂപേണയായിരുന്നു റാമോസിന്റെ ഇടപെടല്‍. മറുപടിയായി സലാഹ് ഒന്ന് തലയനക്കി കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ മെയ് മാസത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ റാമോസ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നിലത്തു വീണ് പരുക്കേറ്റ സലാഹിന് മത്സരം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. പരുക്ക് മാറാത്തതിനെ തുടര്‍ന്ന് ലോകകപ്പിലും താരത്തിന് മത്സരം നഷ്ടമായിരുന്നു.
റാമാസിന്റെ പരുക്കന്‍ കളിക്കെതിരെ ലിവര്‍പൂള്‍ കോച്ച് ക്ലോപ് അടക്കം രംഗത്തു വന്നിരുന്നു. എന്നാല്‍ സലാഹിന് ഇഞ്ചക്ഷന്‍ എടുത്ത ശേഷം കളിക്കാമായിരുന്നില്ലേ എന്നും, ഫിര്‍മീഞ്ഞോയുടെ ജലദോഷത്തിന്റെ ഉത്തരവാദിത്വം കൂടെ ഏല്‍ക്കേണ്ടി വരുമോയെന്നായിരുന്നു വിവാദങ്ങളില്‍ റാമോസിന്റെ പ്രതികരണം.
യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2017-18 വര്‍ഷത്തിലെ യുവേഫ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും പിന്തളളിയാണ് മോഡ്രിച്ചിന്റെ മുന്നേറ്റം.
പട്ടികയില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതാണ്. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ ബാഴ്സയുടെ നെടുംതൂണായ ലയണല്‍ മെസ്സിയ്ക്ക് പട്ടികയില്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മികച്ച താരമായി മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച സ്‌ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മികച്ച മദ്ധ്യനിര താരത്തിനുളള ബഹുമതി മോഡ്രിച്ച് തന്നെ കൈയ്യടക്കി. റയല്‍ മാഡ്രിഡിന്റെ ക്യാപ്റ്റനും സ്പാനിഷ് താരവുമായ സെര്‍ജിയോ റാമോസാണ് മികച്ച പ്രതിരോധനിരക്കാരന്‍. റയലിന്റെ ഗോള്‍കീപ്പറായ കെയ്ലര്‍ നവാസ് മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
When Ramos touches Salah's shoulder pic.twitter.com/lO2Kws92VX
— Bleacher Report (@BleacherReport) August 30, 2018