ദുബായ്: ഏഷ്യാ കപ്പ് കഴിഞ്ഞതോടെ ആരാധകര്‍ക്കിടയിലെ ചൂട് പിടിച്ച ചര്‍ച്ചകളിലൊന്നാണ് രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി. ഫീല്‍ഡ് സെറ്റിങിലും ബൗളിങ് ചെയ്ഞ്ചസിലുമെല്ലാം രോഹിത് തന്റെ മികവ് വ്യക്തമാക്കിയിരുന്നു. കോഹ്ലിയില്ലാതെ ഇറങ്ങിയ ഇന്ത്യയെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരാക്കാനും രോഹിതിന് സാധാച്ചു.

ആരാണ് ഏഷ്യാ കപ്പിന്റെ ക്യാപ്റ്റന്‍ എന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് ആരാധകരുടേയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് രോഹിത് ശര്‍മയുടെ പേരായിരിക്കും. എന്നാല്‍ മുന്‍ പാക്കിസ്ഥാന്‍ താരം റമീസ് രാജയ്ക്ക് മറ്റൊരാളാണ്.

ഏഷ്യാ കപ്പിലെ മികച്ച ക്യാപ്റ്റനായി റമീസ് രാജ തെരഞ്ഞെടുത്തത് മഷ്റഫെ മോര്‍ത്താസയെയാണ്. അസാധ്യമായ പോരാട്ട് വീര്യമാണ് ബംഗ്ലാദേശ് നായകന് പുറത്തെടുത്തതെന്ന് റമീസ് രാജ പറയുന്നു. ടീമിലെ മിന്നും താരങ്ങളായ ഷകീബ് അല്‍ഹസന്റെയും, തമീം ഇഖ്ബാലിന്റെയും അസാന്നിധ്യത്തെ ബംഗ്ലാദേശ് മറികടന്നത് മഷ്റഫ് മൊര്‍ത്താസയുടെ നായക മികവിലാണെന്നും റമീസ് പറഞ്ഞു.

മൊര്‍ത്താസയുടെ ക്യാപ്റ്റന്‍സിയ്ക്ക് ക്രിക്കറ്റ് പ്രേമികളില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും ഇല്ലാതെയിരുന്നിട്ടും ടീമിനെ ഫൈനലോളം എത്തിച്ചത് മൊര്‍ത്താസയുടെ ക്യാപ്റ്റന്‍സി മികവായിരുന്നു. ഫൈനലില്‍ മെഹ്ദി ഹസനെ ഓപ്പണ്‍ ചെയ്യിച്ചത് അടക്കം അദ്ദേഹത്തിന്റെ വിജയിച്ച തന്ത്രമായിരുന്നു.

ഫൈനലില്‍ അവസാന പന്ത് വരെ ഇന്ത്യ വിറപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് പരാജയം സമ്മതിച്ചത്. അതിന് മുന്‍പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശ് തോല്‍പ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook