കുട്ടിക്കാലത്തെ തന്റെ ഇഷ്ടതാരങ്ങളായ കപിൽദേവ്, രവിശാസ്ത്രി, വിവിയൻ റിച്ചാർഡ്‌സ് എന്നിവർ മൈതാനം കീഴടക്കിയ കാഴ്ചകൾ രജനീഷ് ഹെൻറിയുടെ മനസിൽ ഇപ്പോഴും പച്ചപിടിച്ച് കിടപ്പുണ്ട്. അഞ്ചാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട അദ്ദേഹത്തിനോടൊപ്പം ക്രിക്കറ്റ് എന്ന സ്വപ്നവും വളർന്നു. ഇപ്പോൾ ബ്ലൈൻഡ് ക്രിക്കറ്റിൽ രാജ്യാന്തര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രജനീഷ്. ഒരുപടി സ്വപ്നങ്ങളുമായാണ് തന്റെ പുതിയ ചുമതലയിലേക്ക് അദ്ദേഹം പ്രവേശിക്കാനൊരുങ്ങുന്നത്.

2012 മുതൽ ക്രിക്കറ്റ് ഭരണ രംഗത്തുള്ള രജനീഷ് ഹെൻറി വേൾഡ് ബ്ലെെൻഡ് കിക്കറ്റ് കൗൺസിലി(ഡബ്ല്യുബിസിസി)ന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2012ൽ ക്രിക്കറ്റ് അസോസിയേഷൻ ബ്ലൈൻഡ് ഫോർ ബ്ലൈൻഡ് ഇൻ കേരള എന്ന പേരിൽ സംസ്ഥാന തലത്തിൽ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുന്നതിന് മുൻകൈയെടുത്തവരിൽ ഒരാളാണ് അദ്ദേഹം.

അസീസി ബ്ലൈൻഡ് സ്കൂൾ കാളകട്ടി, ഹെലൻ കെല്ലർ മെമ്മോറിയൽ സ്കൂൾ പാലക്കാട് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രജനീഷ് ഹൈസ്കൂൾ കാലം മുതൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ബ്ലൈൻഡ് ക്രിക്കറ്റിൽ ഇന്ത്യൻ എ ടീം, കേരള ടീം താരമായിരുന്നു ഈ കോഴിക്കോട്ടുകാരൻ. കോഴിക്കോട് മാനാഞ്ചിറ ഗവ മോഡൽ എച്ച്എസ്എസിലെ ഇംഗ്ലിഷ് അധ്യാപകനായ രജനീഷ് ഹെൻറി പുതിയ സ്ഥാനലബ്ധിയെക്കുറിച്ചും ബ്ലൈൻഡ് ക്രിക്കറ്റ് രംഗം സംബന്ധിച്ച തന്റെ സ്വപ്നങ്ങളും ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുന്നു.

അടുത്ത ഘട്ടത്തിലേക്ക് ഉയർത്തണം

ബ്ലൈൻഡ് ക്രിക്കറ്റ് രംഗത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയെന്നതാണ് താൻ ലക്ഷ്യമിടുന്നതെന്ന് രജനീഷ് ഹെൻറി പറഞ്ഞു. മുഖ്യധാര ക്രിക്കറ്റ് രംഗത്തിന് സമാനമായി ബ്ലൈൻഡ് ക്രിക്കറ്റും സ്വീകരിക്കപ്പെടുന്ന അവസ്ഥയിലെത്തണം. ഇതിനായുള്ള കാഴ്ചപ്പാടുകളും പദ്ധതിയും ആലോചിച്ചു വച്ചിട്ടുണ്ട്. ഇപ്പോൾ ഇന്റർനാഷനൽ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിന്റെ ഉന്നത കമ്മിറ്റിയിലെത്തിയതോടെ ഇക്കാര്യങ്ങൾ സമിതിയിലെ മറ്റ് അംഗങ്ങളുമായി ചർച്ച ചെയ്യാൻ അവസരം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച രീതിയിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് കളിക്കുന്ന കൂടുതൽ രാജ്യങ്ങളിലേക്ക് ബ്ലൈൻഡ് ക്രിക്കറ്റും വ്യാപിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്. ബ്ലൈൻഡ് വുമൺസ് ക്രിക്കറ്റിന്റെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാന പരിഗണനയിലുള്ളതായും അദ്ദേഹം വ്യക്തമാക്കി.

രജനീഷ് ഹെൻറി

പ്രധാന വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി

നിലവിൽ ബ്ലൈൻഡ് ക്രിക്കറ്റ് രംഗം നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഫണ്ടുകളുടെ അഭാവം അസോസിയേഷനുണ്ട്. ചില രാജ്യങ്ങളിൽ അവരുടെ മുഖ്യധാരാ ക്രിക്കറ്റ് അസോസിയേഷനുകൾ ബ്ലൈൻഡ് ക്രിക്കറ്റിന് സഹായം നൽകാറുണ്ട്. എന്നാൽ നിലവിൽ ബിസിസിഐയുമായി അത്തരത്തിലുള്ള കരാറുകളൊന്നുമില്ല. സഹകരണം സംബന്ധിച്ച് ബിസിസിഐയുമായി ചർച്ച ചെയ്യുന്നുണ്ട്. സൗരവ് ഗാംഗുലി അടക്കമുള്ളവരുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ അനുകൂല പ്രതികരണമാണുണ്ടായത്. മലയാളി കൂടിയായ ജയേഷ് ജോർജ് അടക്കമുള്ളവർ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.

ബ്ലൈൻഡ് ക്രിക്കറ്റിനായി നല്ല രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കേണ്ടതുണ്ട്. നിലവിൽ കേരളത്തിൽ ബ്ലൈൻഡ് ക്രിക്കറ്റ് പരിശീലനം നടക്കുന്നുണ്ടെങ്കിലും പരിശീലന കേന്ദ്രളുടെ അഭാവമുണ്ട്. മൈതാനം അടക്കമുള്ള പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കാൻ സാധിക്കണം.

കളിക്കാർക്കു നേട്ടമുണ്ടാവണം

കായിക രംഗം കാഴ്ചപരിമിതിയുള്ളവരുടെ ശാക്തീകരണത്തെ സഹായിക്കും. മറ്റൊരു പ്രധാന പരിഗണനാ വിഷയം കളിക്കാരുടെ സാമ്പത്തിക സുരക്ഷയും വരുമാനവുമാണ്. ഇതിനായി മുന്നോട്ടു പോവേണ്ടതുണ്ട്.

നിലവിൽ ആഭ്യന്തര തലത്തിൽ കളിക്കുന്ന ഒരാൾക്ക് ഒരു മത്സരത്തിന് പ്രതിഫലം ആയിരം രൂപയും അന്താരാഷ്ട്ര മത്സരത്തിൽ മൂവായിരം രൂപയുമാണ്. ഇത് മാറി അന്താരാഷ്ട്ര മത്സരങ്ങളിൽ 30,000 രൂപയും ആഭ്യന്തര മത്സരങ്ങളിൽ 10,000 രൂപയും എന്ന തലത്തിലേക്ക് ഉയരണം. കൂടാതെ പ്രതിമാസം ഒരു തുക ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കാർക്ക് ലഭ്യമാക്കാനും കഴിയണം. ഇക്കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയും ഫണ്ടുകളുടെ അഭാവവുമാണ് തടസമാവുന്നത്. സ്പോൺസർമാരെ കണ്ടെത്താനായാൽ ഈ അവസ്ഥ മറികടക്കാനാവും. അതിനായി ശ്രമം തുടരും.

നാഗേഷ് ട്രോഫി

ഇന്ത്യയിലെ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹിത്വത്തിലിരിക്കെ നടപ്പാക്കാൻ കഴിഞ്ഞ ഏറ്റവും പ്രധാന നേട്ടമായി കാണുന്നത് നാഗേഷ് ട്രോഫി ടൂർണമെന്റിന് തുടക്കമിടാൻ സാധിച്ചതാണ്. രഞ്ജി ട്രോഫി ടൂർണമെന്റിന് സമാനമാണ് 2018ൽ ആരംഭിച്ച നാഗേഷ് ട്രോഫി ടൂർണമെന്റ്.

ബ്ലൈൻഡ് ക്രിക്കറ്റിന്റെ ചരിത്രം

ഒരു പതിറ്റാണ്ട് മുൻപ് ഉറക്കത്തിലാണ്ടുപോയ അവസ്ഥയിലായിരുന്നു രാജ്യത്തെ ബ്ലൈൻഡ് ക്രിക്കറ്റ് രംഗം. താൻ ഉൾപ്പെടെയുള്ള മുൻ കളിക്കാരുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലായി നടന്ന ശ്രമമാണ് ഈ രംഗത്തെ പുനരുജ്ജീവിപ്പിച്ചത്.

തൊണ്ണൂറുകൾ മുതൽ 2006 ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് എന്ന പേരിൽ ഇന്ത്യയിൽ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രവർത്തിച്ചിരുന്നു. എന്നാൽ അക്കാലത്ത് സംസ്ഥാന തലത്തിലുള്ള അസോസിയേഷനുകളോ ബ്ലൈൻഡ് ക്രിക്കറ്റിന് വേണ്ടി മാത്രമായുള്ള മറ്റേതെങ്കിലും പ്രാദേശിക സംഘടനകളോ ഉണ്ടായിരുന്നില്ല. കാഴ്ച പരിമിതിയുള്ളവർക്കായുള്ള മറ്റ് സംഘടനകളായിരുന്നു സംസ്ഥാന തലത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.

കഴിഞ്ഞ പതിറ്റാണ്ടിന്റെ പാതിയോടെ രാജ്യത്തെ ബ്ലൈൻഡ് ക്രിക്കറ്റ് രംഗത്ത് പിന്നോട്ടടിയുണ്ടായി. പിന്നീട് 2010ൽ ക്രിക്കറ്റ് അസോസിയേഷൻ ബ്ലൈൻഡ് ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യ എന്ന പേരിൽ ദേശീയ അസോസിയേഷനും തുടർ വർഷങ്ങളിലായി സംസ്ഥാന തലത്തിലുള്ള അസോസിയേഷനുകളും നിലവിൽ വന്നതോടെയാണ് ഈ രംഗം വീണ്ടും പുരോഗതിയിലെത്തിയത്.

2012 മുതൽ നാല് തവണ ഈ രംഗത്തെ ഏകദിന, ടി20 ലോകകപ്പുകളിലായി ഇന്ത്യക്ക് നാല് കിരീടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. 2012, 17 വർഷങ്ങളിൽ 20 ഓവർ ഫോർമാറ്റിലും 14, 18 വർഷങ്ങളിൽ ഏകദിന ലോകകപ്പുകളിലുമാണ് ഇന്ത്യ കിരീടം നേടിയത്.

സംസ്ഥാന അസോസിയേഷനുകളും ജില്ലാ അസോസിയേഷനുകളും

നിലവിൽ കേരളം അടക്കം 29 സംസ്ഥാനങ്ങളിൽ ബ്ലൈൻഡ് ക്രിക്കറ്റ് സോസിയേഷനുകളുണ്ട്. 2012ൽ ഇത് 10 സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു. ജില്ലാ തലത്തിൽ അസോസിയേഷനുകളില്ല. എന്നാൽ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് സമാനമായി ജില്ലകൾ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.

ബ്ലൈൻഡ് ക്രിക്കറ്റ്

ബ്ലൈൻഡ് ക്രിക്കറ്റ് മത്സരങ്ങളിൽ രണ്ട് കാര്യങ്ങളിലാണ് മുഖ്യധാരാ ക്രിക്കറ്റിൽ നിന്ന് വ്യത്യാസമുള്ളത്. കളിക്കുപയോഗിക്കുന്ന പന്തിലും സ്റ്റംപിലും. കിലുക്കമുള്ള പന്താണ് ബ്ലൈൻഡ് ക്രിക്കറ്റിൽ ഉപയോഗിക്കുക. ലോഹം കൊണ്ടുള്ളവയാവും സ്റ്റംപുകൾ. വേർപെട്ട് പോവാത്ത തരത്തിലുള്ള ബെയിൽസാണ് ഇതിനുണ്ടാവുക.

നിലവിൽ ഇന്ത്യൻ ഉപഭൂഘണ്ഡത്തിലാണ് ബ്ലൈൻഡ് ക്രിക്കറ്റിന് കൂടുതൽ പ്രചാരവും വളർച്ചയുമുള്ളതെന്ന് രജനീഷ് ഹെൻറിയുടെ വാക്കുകൾ പറയുന്നു. ഇന്ത്യയാണ് ഈ രംഗത്ത് ഏറ്റവും ശക്തമായ രാജ്യം. പാകിസ്താനാണ് ഈ രംഗത്ത് വളർച്ച പ്രാപിച്ച മറ്റൊരു രാജ്യം. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഈ രംഗം താരതമ്യേന മെച്ചപ്പെട്ട വളർച്ച നേടിയിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലും കരീബിയിൽ മേഖലയിലും മുഖ്യധാരാ ക്രിക്കറ്റിനുള്ള സ്വാധീനം വച്ചു നോക്കുമ്പോൾ ബ്ലൈൻഡ് ക്രിക്കറ്റിനുള്ള വളർച്ച തുലോം കുറവാണ്. ഓസ്ട്രേലിയയുടെ കാര്യത്തിൽ മുഖ്യധാരാ ക്രിക്കറ്റിന്റെ അവരുടെ അവസ്ഥ വച്ച് നോക്കുമ്പോൾ ബ്ലൈൻഡ് ക്രിക്കറ്റ് വളരെ പിറകിലാണെന്ന് രജനീഷ് ഹെൻറി പറഞ്ഞു.

ലോകകപ്പിനു പുറനെ ദ്വിരാഷ്ട്ര ത്രി രാഷ്ട്ര മത്സരങ്ങളും ബ്ലൈൻഡ് ക്രിക്കറ്റിൽ നടക്കാറുണ്ട്. ദുബായ് ആണ് കഴിഞ്ഞ സീസണുകളിൽ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായത്. 2024ൽ ഇംഗ്ലണ്ടാണ് ലോകകപ്പിന് വേദി തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യ- ശ്രീലങ്ക, ഇന്ത്യ- ഇംഗ്ലണ്ട്, ഇന്ത്യ- നേപ്പാൾ തുടങ്ങിയ ദ്വിരാഷ്ട്ര മത്സരങ്ങൾക്ക് ഇന്ത്യ വേദിയായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട്-ശ്രീലങ്ക ത്രിരാഷ്ട്ര മത്സരവും നടന്നു. ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്ക പര്യടനവും നടന്നിട്ടുണ്ട്.

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ

1996 സെപ്തംബറിലാണ് വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ നിലവിൽ വന്നത്. ഡൽഹിയിലായിരുന്നു ആദ്യ യോഗം ചേർന്നത്.

ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നീ ടീമുകൾ കൗൺസിലിലെ പൂർണ അംഗങ്ങളാണ്. ഐസിസിയുടെ ഭാഗമോ, ഐസിസിയുമായി ബന്ധമോ ഇല്ലാതെ സ്വതന്ത്രമായ കൗൺസിൽ ആയാണ് ഡബ്ല്യുബിസിസി നിലനിൽക്കുന്നത്.

മുന്നേറ്റം നടന്നു; ഇനിയും പോവാനുണ്ട്

ഇന്ത്യയിലും ആഗോള തലത്തിലും പരിശോധിച്ചാൽ ബ്ലൈൻഡ് ക്രിക്കറ്റ് രംഗം ചെറിയ രീതിയിൽ മുന്നോട്ടുവന്നിട്ടുണ്ട്. 25-30 ശതമാനത്തോളം ഈ രംഗം വളർന്നു. ഇനിയും ഏറെ മുന്നോട്ട് പോവാനുണ്ട്. കേരളത്തിലടക്കം വളർന്നു വരുന്ന കളിക്കാരെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള സാഹചര്യമുണ്ടാവണം. സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവർക്ക് പരിശീലനം നൽകുന്നതിനടക്കം എല്ലാ തലങ്ങളിലും ഇതിനായുള്ള സംവിധാനങ്ങൾ വരണം. അതാണ് തന്റെ സ്വപ്നം. ഇത്തരമൊരു വളർച്ചയുണ്ടാവുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്നും രജനീഷ് ഹെൻറി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook