രാജ്കോട്ട് ടെസ്റ്റിൽ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ വിരാട് കോഹ്‌ലി മറികടന്നത് സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ്. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. 184 പന്തിൽനിന്നും ഏഴു ബൗണ്ടറി അടക്കമാണ് കോഹ്‌ലി സെഞ്ചുറി പൂർത്തിയാക്കിയത്.

രാജ്കോട്ട് സെഞ്ചുറിയോടെ ചില റെക്കോർഡുകളും കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചു. ആഭ്യന്തര മത്സരത്തിലൂടെ ടെസ്റ്റിൽ 3000 റൺസ് കടക്കുന്ന 11-ാമത് ഇന്ത്യൻ താരമാണ് കോഹ്‌ലി. ഇന്ത്യയിൽവച്ച് കോഹ്‌ലി നേടുന്ന 11-ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ആഭ്യന്തര മത്സരത്തിൽ ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിയുടെ 8-ാം സെഞ്ചുറിയും.

തന്റെ 24-ാം സെഞ്ചുറിയിലൂടെ കോഹ്‌ലി മറികടന്നത് സച്ചിന്റെ റെക്കോർഡ് കൂടിയാണ്. അതിവേഗം 24 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. നേരത്തെ ഇത് സച്ചിന്റെ പേരിലായിരുന്നു. സച്ചിൻ 125 ഇന്നിങ്സുകളിൽനിന്നാണ് 24 സെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ കോഹ്‌ലി 123 ഇന്നിങ്സുകളിൽനിന്നാണ് 24 സെഞ്ചുറി നേടിയത്. പട്ടികയിൽ ഒന്നാമൻ ഡോൺ ബ്രാഡ്മാനാണ്. വെറും 66 ഇന്നിങ്സുകളിൽനിന്നാണ് ബ്രാഡ്മാൻ ഈ നേട്ടം കൈവരിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്‌ലി നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. വെസ്റ്റ് ഇൻഡീസിനെതിരെ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിന് കോഹ്‌ലി മുൻ ഇന്ത്യൻ താരം ദിലീപ് വെങ്ക്സർക്കാറിന് ഒപ്പമെത്തി. ഈ പട്ടികയിൽ ഒന്നാം സ്ഥാനം സുനിൽ ഗവാസ്കറിനാണ്. ഗവാസ്കർ നാലു സെഞ്ചുറികൾ പൂർത്തിയാക്കിയാണ് റെക്കോർഡിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ