മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്. താരങ്ങളെ കൈമാറ്റം ചെയ്യുന്നതിനുള്ള ട്രാൻസഫർ വിൻഡോ ഇന്നലെ അവസാനിച്ചിരുന്നു. കഴിഞ്ഞ സീസണുകളിൽ തങ്ങളുടെ ടീമിന്റെ ഭാഗമായിരുന്ന വിദേശികളും സ്വദേശികളുമായ പല താരങ്ങളെയും ക്ലബ്ബുകൾ കൈമാറ്റം ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്തു. ട്രാൻസഫർ വിൻഡോയിലെ ഏറ്റവും നിർണായകമായ നീക്കം നടത്തിയത് രാജസ്ഥാൻ റോയൽസായിരുന്നു. നീണ്ട ഒമ്പത് വർഷം തങ്ങളുടെ വിശ്വസ്തനായ ബാറ്റ്സ്മാനും നായകനുമൊക്കെയായിരുന്ന അജിൻക്യ രഹാനെയെ രാജസ്ഥാൻ പുറത്തുവിട്ടു.

ഈ വർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ട്വിറ്ററിൽ രസകരമായ ഒരു സംഭഷണത്തിന് തുടക്കമായത്. ഒരു ആരാധകന്റെ ചോദ്യം രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റെടുക്കുകയായിരുന്നു. ‘സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വിൽക്കാൻ താൽപര്യമുണ്ടോ?’എന്നായിരുന്നു ആരാധകന്റെ ചോദ്യം.

രഹാനെയെപോലെ തന്നെ രാജസ്ഥാൻ നിരയിലെ ഏറ്റവും വിശ്വസ്തനായ താരമാണ് സഞ്ജു. വിലക്കിന് ശേഷം ടീം മടങ്ങിയെത്തിയപ്പോഴും രാജസ്ഥാൻ ആദ്യം ടീമിലേക്ക് തിരികെകൊണ്ടുവന്ന താരങ്ങളിൽ സഞ്ജുവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രഹാനെയെപോലെ സഞ്ജുവിനെയും വിൽക്കാൻ താൽപര്യമുണ്ടൊയെന്ന ആരാധകന്റെ ചോദ്യം.

വൈകാതെ തന്നെ രാജസ്ഥാൻ റോയൽസിന്റെ മറുപടിയുമെത്തി. ‘ഉം, വിരാടിനെയും എബിയെയും (വിരാട് കോഹ്‌ലി – എ.ബി. ഡിവില്ലിയേഴ്സ്) വിൽക്കാൻ സമ്മതമാണോ?’ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രാജസ്ഥാന്റെ മറുചോദ്യം. പിന്നാലെ രാജസ്ഥാന് മറുപടിയുമായി റോയൽ ചഞ്ചേഴ്സിന്റെ ട്വീറ്റ്. ‘മിസ്റ്റർ നാഗിനെ നിങ്ങൾക്കു തരാം’ എന്നായിരുന്നു ബംഗ്ലൂരിന്റെ മറുപടി. ഒപ്പമൊരു കുറിപ്പും, ‘പതുക്കെ അദ്ദേഹം ഇവിടേക്കു തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾക്കറിയാം…’

എന്തായാലും സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ യുദ്ധം തുടങ്ങി കഴിഞ്ഞു. രസകരമായ ഇ സംഭാഷണം ആരാധകരും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook