ജയ്‌പൂർ: റണ്ണൗട്ടിലൂടെ പുറത്താകാൻ ഒരു ബാറ്റ്സ്മാൻമാരും ആഗ്രഹിക്കാറില്ല. എന്നാൽ ഐപിഎല്ലിൽ ആദ്യമായി കളിക്കാൻ എത്തിയ ഓസ്ട്രേലിയൻ താരം ഡി ആർസി ഷോട്ട് ഇത് കലികാലമാണ്. തുടർച്ചയായ രണ്ടാം മൽസരത്തിലും റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. നായകനായ അജിങ്ക്യ രഹാനെയുമായിട്ടുളള ആശയക്കുഴപ്പമാണ് രണ്ടാം മൽസരത്തിലും ഈ ഇടങ്കയ്യൻ ബാറ്റ്സ്മാന് വിനയായത്.

ഡൽഹി ഡെയർ ഡെവിൾസിനെതിരായ മൽസരത്തിൽ 6 റൺസ് എടുത്ത് നിൽക്കെയാണ് ഷോട്ടിന്റെ പുറത്താകൽ. ഷഹബാസ് നദീമിന്റെ പന്ത് മിഡ്ഓഫിലേക്ക് അടിച്ചുകറ്റിയ ഷോട്ട് ഒരു റൺസ് ഓടിയെടുത്തു.​ എന്നാൽ രണ്ടാം റൺസിനായി ഓടാൻ​ രഹാനെ നിർബന്ധിച്ചതോടെ ഷോട്ട് മനസില്ലാ മനസോടെ ഓടുകയും ചെയ്തു. പക്ഷെ ഡൽഹി താരം വിജയ് ശങ്കറിന്റെ തകർപ്പൻ ത്രോയിൽ വിക്കറ്റ് തെറിക്കുമ്പോൾ ഷോട്ട് ക്രീസിന് പുറത്തായിരുന്നു.

3 പന്തിൽ 6 റൺസ് മാത്രം എടുത്ത് പുറത്തായ ഷോട്ടിനെ നോക്കി മറ്റൊരു ഓസീസ് താരം ഗ്ലെൻ മാക്സ്‌വെൽ നോക്കി ചിരിച്ചതും രസകരമായി. ആദ്യ മൽസരത്തിൽ 4 റൺസ് മാത്രമെടുത്താണ് ഷോട്ട് പുറത്തായത്. ഇല്ലാത്ത റൺസിനായി ഓടിയെ ഷോട്ടിനെ സൺറൈസേഴേസ് നായകൻ കെയ്ൻ വില്യംസണാണ് റണ്ണൗട്ടാക്കിയത്.

20 ലക്ഷം രൂപ മാത്രം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഡി ആർസി ഷോട്ടിനെ 4 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽ സ്വന്തമാക്കിയത്. ബിഗ് ബാഷിലെ തകർപ്പൻ പ്രകടനമാണ് 27 വയസുകാരനായ ഷോട്ടിനെ ടീമുകളുടെ ഇഷ്ടതാരമാക്കി മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ