ഐ പി എല്ലിൽ വാതുവെപ്പ് വിവാദം കെട്ടടങ്ങുന്നില്ല. വാതുവെപ്പുകാരുമായി രാജസ്ഥാൻ റോയൽസ് സഹയുടമ രാജ് കുന്ദ്രക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണം ഉദ്യോഗസ്ഥൻ ബി ബി മിശ്ര. സമ്മാനങ്ങൾ ഉൾപ്പടെ പ്രതിഫലങ്ങൾ കുന്ദ്ര കൈപറ്റിയിട്ടുണ്ടെന്നും മിശ്ര ദ് ഇന്ത്യൻ എക്‌സ്പ്രസിനോട്‌ പറഞ്ഞു.

ചോദ്യം ചെയ്യലിൽ കുന്ദ്ര ആരോപണങ്ങൾ എല്ലാം നിഷേധിച്ചെന്നും പിന്നീട് വാതുവെപ്പുകാരനിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞങ്ങൾ അവതരിപ്പിച്ചതോടെ കുന്ദ്ര കുറ്റസമ്മതം നടത്തിയെന്നും മിശ്ര പറയുന്നു. പലപ്പോഴും കുന്ദ്ര അവരുടെ കൈകളിൽ നിന്ന് സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ അത് തന്റെ കുട്ടിക്ക് അയാൾ കൊണ്ടുവന്ന സ്വർണ മാലയും മധുര പലഹാരങ്ങളും ആയിരുനെന്നാണ് രാജ് കുന്ദ്രയുടെ പ്രതികരണം. താൻ സ്വീകരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയ വാതുവെപ്പുകാരൻ വാച്ച്മാനെ ഏൽപ്പിച്ച് മടങ്ങുകയായിരുനെന്നും കുന്ദ്ര ഇന്ത്യൻ എക്‌സ്പ്രസിനോട്‌ പറഞ്ഞു.

മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ മിശ്ര 2014 ലാണ് ഐ പി എല്‍ അനേഷണത്തിന്റെ ചുമതല എല്‍ക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കിടയില്‍ മുപ്പതോളം താരങ്ങളെ അടക്കം നൂറോളം പേരെയാണ് അദ്ദേഹം ചോദ്യം ചെയതത്. മുകുൾ മുദ്ഗൾ കമ്മിറ്റി നിർദേശമനുസരിച്ചാണ് സുപ്രീം കോടതി അദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചത്. മിശ്രയുടെ കണ്ടെത്തലുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുകുള്‍ മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമാണ്.

ക്രിക്കറ്റ്‌ ലോകത്ത് തന്നെ വലിയ വിവാദങ്ങൾ സൃഷ്ട്ടിച്ച സംഭവമായിരുന്നു വാതുവെപ്പ്. മലയാളി താരം ശ്രീശാന്ത് ഉൾപ്പടെ നിരവധി താരങ്ങളാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായത്. രാജസ്ഥാൻ റോയൽസ്‌ ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പടെയുള്ള ടീമുകളെ ഐ പി എല്ലിൽ നിന്ന് 2 വർഷം സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിലാണ് ഇരു ടീമുകളും മടങ്ങിയെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook