മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം രോമാഞ്ചം സിനിമയിലെ ഗാനം ഏറ്റെടുത്ത് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍. രാജസ്ഥാനിലെ വിദേശ താരങ്ങളുള്‍പ്പെടെ രോമാഞ്ചം സിനിമയില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സിനു സോളമന്‍ എന്ന കഥാപാത്രത്തെ അനുകരിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്.രാജസ്ഥാന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണും റോയല്‍സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും വിഡിയോ പങ്കുവച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ആരാധകര്‍ വിഡിയോ ഏറ്റെടുത്തു.
രോമാഞ്ചം സിനിമയിലെ ‘ആദരാഞ്ജലി നേരട്ടെ’ എന്ന ഗാനമാണ് രാജസ്ഥാന്‍ റോയല്‍സ് വിഡിയോയ്ക്കായി ഉപയോഗിച്ചത്. ‘രോമാഞ്ചിഫിക്കേഷന്‍’ എന്ന ക്യാപ്ഷനിലാണ് സഞ്ജു വീഡിയോ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത്. ജോസ് ബട്ലറില്‍ തുടങ്ങി സഞ്ജുവില്‍ അവസാനിക്കുന്നതാണ് വീഡിയോ. രാജസ്ഥാന്റെ ബോളിങ് പരിശീലകന്‍ ലസിത് മലിംഗ, ജോ റൂട്ട്, ആഡം സാംപ, ദേവ്ദത്ത് പടിക്കല്‍, മുരുകന്‍ അശ്വിന്‍ എന്നിവരും വീഡിയോയിലുണ്ട്.
ഐഎല്ലില്‍ അവസാനം നടന്ന മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ തന്നെയാണ് ഇപ്പോഴും ഒന്നാമത്. ആറ് മത്സരങ്ങളില്‍നിന്നു നാലു വിജയങ്ങളുമായി എട്ടു പോയിന്റാണ് രാജസ്ഥാനുള്ളത്. ഞായറാഴ്ച വൈകിട്ട് 3.30ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് രാജസ്ഥാന്റെ നേരിടുന്നത്.