കേപ്ടൗൺ: പന്തിൽ കൃത്രിമം നടത്തി കുരുക്കിലായ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചു. ഇന്ത്യൻ താരം അജിങ്ക്യ രഹാനെ സ്റ്റീവ് സ്മിത്തിന് പകരം രാജസ്ഥാനെ നയിക്കും. ഐപിഎല്ലിൽ പങ്കെടുക്കുമെന്നും രാജസ്ഥാൻ ടീമിനൊപ്പം സ്മിത്ത് ഉണ്ടാകുമെന്നും ടീം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സൺറൈസേഴ്സ് ഹൈദ്രാബാദ് നായകനായ ഡേവിഡ് വാർണറുടെ ഭാവി സംബന്ധിച്ചുളള തീരുമാനം ഇതുവരെ ലഭ്യമായിട്ടില്ല. വിവാദത്തിൽ ബിസിസിഐ നിലപാട് വ്യക്തമാക്കിയതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു സൺറൈസേഴ്സ് അധികൃതരുടെ പ്രതികരണം.

പന്തിൽ കൃത്രിമത്വം കാട്ടിയത് വിവാദമായതിനെത്തുടർന്ന് ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം സ്മിത്ത് രാജിവച്ചിരുന്നു. ഡേവിഡ് വാര്‍ണറും തന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചിട്ടുണ്ട്. സ്മിത്തടക്കമുള്ള സീനിയര്‍ താരങ്ങളുടെ അറിവോടെയായിരുന്നു കൃത്രിമത്വം കാണിച്ചതെന്ന ബാന്‍ക്രോഫ്റ്റിന്റെ കുറ്റസമ്മതം കടുത്ത നടപടികളിലേക്കായിരിക്കും കാര്യങ്ങളെ നയിക്കുക.

ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്. ആ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത് സോട്ടാനി ഓസ്‌കാര്‍ എന്ന ക്യാമറാമാനാണ്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലിലെ ലീഡിങ് ക്യാമറാമാനാണ് ഓസ്‌കാര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ