ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ പ്രധാന പേസർ കമലേഷ് നാഗർകോട്ടിക്ക് ലക്ഷങ്ങൾ സമ്മാനം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയാണ് 25 ലക്ഷം രൂപ താരത്തിന് സമ്മാനമായി പ്രഖ്യാപിച്ചത്. ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാഗർകോട്ടിയെ ബജറ്റ് പ്രസംഗത്തിൽ അഭിനന്ദിക്കാനും വസുന്ധരരാജ സിന്ധ്യ മറന്നില്ല. ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാഗർകോട്ടിക്ക് രാജസ്ഥാൻ സർക്കാരും സമ്മാനം പ്രഖ്യാപിച്ചതോടെ ഈ വർഷം താരത്തിന്റെ ഭാഗ്യവർഷമായി മാറി.

അണ്ടർ 19 ഇന്ത്യൻ ടീമിൽ നിന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾ വിലക്കെടുത്ത ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് കമലേഷ് നാഗർകോട്ടി. 3.2 കോടിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാഗർകോട്ടിയെ തങ്ങളുടെ താരമാക്കിയത്.

പേസ് ബോളിങ് പ്രകടനമാണ് നാഗർകോട്ടിയെ അണ്ടർ 19 ലോകകപ്പിലെ മിന്നും താരമാക്കിയത്. തുടർച്ചയായി 140 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ നാഗർകോട്ടി ഇന്ത്യൻ ടീമിന്റെ ഭാവി പേസറായി ഇപ്പോൾ തന്നെ വാഴ്ത്താൻ തുടങ്ങിയിട്ടുണ്ട്.

ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ സ്വദേശമായ ജയ്‌പൂരിലേക്കാണ് താരം മടങ്ങിയെത്തിയത്. ഇവിടെ വമ്പിച്ച സ്വീകരണമാണ് നാട്ടുകാരും ക്രിക്കറ്റ് പ്രേമികളും ചേർന്ന് താരത്തിന് നൽകിയത്. ചെറുപ്പത്തിൽ വിജയ് പരേഡ് ഗ്രൗണ്ടിലാണ് താരം ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ