ചെന്നൈ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചെന്നൈയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തിലെ ഗംഭീര പ്രകടനം ആവര്‍ത്തിക്കുകയാണ് ചെന്നൈയുടെ ലക്ഷ്യം. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമാണ് ചെന്നൈ പുറത്തെടുക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നിലയുറപ്പിക്കാന്‍ വിടാതെ വരിഞ്ഞു മുറുക്കുകയാണ് ചെന്നൈ ബൗളിംഗ് നിര.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 88 എന്ന നിലയിലാണ്. വെടിക്കെട്ട് താരങ്ങളായ സുനില്‍ നരെയ്‌നേയും ക്രിസ് ലിന്നിനേയും ഉത്തപ്പയേയും കൊല്‍ക്കത്തയക്ക് നഷ്ടമായിട്ടുണ്ട്. നായകന്‍ ദിനേശ് കാര്‍ത്തിക്കും ആന്ദ്രേ റസലുമാണ് ക്രീസില്‍. ആദ്യ മത്സരത്തിലെ ഹീറോ നിതീഷ് റാണയുടേയും റിങ്കു സിംഗിന്റേയും വിക്കറ്റും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി.

അതേസമയം, ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ഹര്‍ഭജന്‍ സിംഗ് ആദ്യ വിക്കറ്റ് നേടുന്നതിനും ഇന്നത്തെ മത്സരം സാക്ഷിയായി. കൊല്‍ക്കത്തയുടെ ഓപ്പണര്‍ സുനില്‍ നരേനെയാണ് ഹര്‍ഭജന്‍ പുറത്താക്കിയത്. സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ഹര്‍ഭജന് മഞ്ഞകുപ്പായത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

നരേന്‍ വീശിയടിച്ച പന്ത് ഉയര്‍ന്ന് പൊന്തുകയായിരുന്നു. വളരെ ഉയരത്തില്‍ പൊന്തിയ പന്ത് റെയ്‌ന കൃത്യമായി പിടിയിലൊതുക്കുകയായിരുന്നു. ഒറ്റക്കാലില്‍ നിന്നുകൊണ്ടായിരുന്നു റെയ്‌നയുടെ സൂപ്പര്‍ ക്യാച്ച്. മൂന്ന് പന്തില്‍ നിന്നും 13 റണ്‍സുമായാണ് നരേന്‍ പുറത്തായത്. കഴിഞ്ഞകളിയില്‍ 17 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ നരേനെ നേരത്തേ പുറത്താക്കാന്‍ സാധിച്ചത് ചെന്നൈയ്ക്ക് ആശ്വാസമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ