ന്യൂഡൽഹി: ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് രഞ്ജി ട്രോഫി ടീമിന്റെ മുന്‍ പരിശീലകന്‍ റിസ്വാൻ ശംഷാദ്. വിവാഹ ശേഷം റെയ്നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹത്തിനിപ്പോൾ, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാൻ പറഞ്ഞു.

ബിസിസിഐയുടെ കരാറിൽ നിന്ന് റെയ്നയെ പുറത്താക്കിയതിന്റെ കാരണവും ഇതാണെന്നാണ് സൂചന. 223 ഏകദിന മത്സരത്തിൽ നിന്ന് 5568 റൺസും 65 ട്വന്റി-20കളിൽ നിന്ന് 1307 റൺസും സ്വന്തമാക്കിയ റെയ്നയെ എന്തുകൊണ്ടാണ് കരാർ പട്ടികയിൽ നിന്നും പുറത്താക്കിയതെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് രഞ്ജി കോച്ച് വ്യക്തമാക്കിയത്.

മറ്റ് യുവ താരങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ ഇടം നേടാൻ പരിശ്രമം നടത്തുന്ന സമയത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർ‌ത്താനാണ് നിലവിലെ താരങ്ങൾ ശ്രമിക്കേണ്ടത്. എന്നാല്‍ ഈ സീസണിൽ മൂന്ന് രഞ്ജി മത്സരം മാത്രമാണ് റെയ്ന കളിച്ചതെന്നും റിസ്വാന്‍ കുറ്റപ്പെടുത്തി.

മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാൻ റെയ്ന താത്പര്യം പ്രകടിപ്പിച്ചില്ലെന്നും റിസ്വാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്ത് വിട്ട കരാർ പട്ടികയിൽ നിന്നും റെയ്നയുടെ പേര് പുറത്തായത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ