കോഴിക്കോട്: വർഷങ്ങളായി വനിത വോളിബോളിൽ ഇന്ത്യൻ റെയിൽവേസ് ടീമിന്റെ ആധിപത്യമാണ്. രാജ്യത്തെ ഏറ്റവും മികച്ച വനിത താരങ്ങൾ അണിനിരക്കുന്ന ടീമിനെ വെല്ലുവിളിക്കാൻ സമീപകാലത്ത് മറ്റ് ഒരു ടീമിനും സാധിച്ചിട്ടില്ല. ദേശീയ സീനിയർ തലത്തിൽ വനിത വിഭാഗത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി കിരീടം കാക്കുന്നവരാണ് റെയിൽവേയുടെ ചുണക്കുട്ടികൾ. അറുപത്തിയാറാമത് ദേശീയ വോളിക്കായി കോഴിക്കോടേക്ക് എത്തുമ്പോൾ കിരീടത്തിൽക്കുറഞ്ഞതൊന്നും റെയിവേ ടീം ലക്ഷ്യമാക്കുന്നില്ല.
പതിവ് പോലെ മലയാളി താരങ്ങൾ തന്നെയാണ് റെയിൽവേസിന്റെ കരുത്ത്. ഇന്ത്യൻ ദേശീയ ടീമിന്റെ കുപ്പായത്തിൽ വർഷങ്ങളായി കളിക്കുന്ന മിനി മോൾ എബ്രഹാമാണ് ടീമിലെ മുതിർന്ന താരം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ കളിച്ച പൂർണ്ണിമ എംസ്, സൗമ്യ വി, സിമിഷ കെ.എസ് എന്നിവരും റെയിൽവേ ടീമിന്റെ കരുത്താണ്. യുവതാരം ദേവിക രാജനും റെയിവേ ടീമിലെ മലയാളി സാന്നിധ്യമാണ്.
വർഷങ്ങളായി ഇന്ത്യൻ ദേശീയ താരമായ മഹാരാഷ്ട്ര സ്വദേശി പ്രിയങ്ക ബോറയാണ് റെയിവേയെ നയിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുളള അനുശ്രീ ഘോഷ്, റുക്സാന ഖാട്ടൂൻ എന്നിവർ ടീമിന്റെ നെടുംതൂണുകളാണ്. കർണ്ണാടക സ്വദേശി മല്ലിക ഷെട്ടി, ആന്ദ്രപ്രദേശ് സ്വദേശിനി ശാന്തിദേവി, ഹരിയാന സ്വദേശി നിർമ്മൽ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.
ആതിഥേയരായ കേരള ടീമും, മഹാരാഷ്ട്രയുമായിരിക്കും റെയിവേയുടെ പ്രധാന എതിരാളികൾ. അടുത്ത ഏഷ്യൻ ഗെയിംസിനുളള ഇന്ത്യൻ ദേശീയ ടീമിനെ കോഴിക്കോട് നടക്കുന്ന ചാമ്പ്യൻഷിപ്പിലായിരിക്കും തിരഞ്ഞെടുക്കുക എന്നത് കൊണ്ട് തന്നെ ആരാധകർക്ക് മികച്ച മത്സരങ്ങൾ കാണാനുളള അവസരം ഉണ്ടാകും.