ദുബായ്: ഒറ്റമത്സരം കൊണ്ട് ജീവിതം തന്നെ മാറിയ കായികതാരങ്ങളുണ്ട്. അവരുടെ കൂട്ടത്തിലേക്ക് അവസാനമായി ചേർക്കപ്പെട്ട പേരാണ് രാഹുൽ തെവതിയ എന്ന 27 കാരന്റേത്. പഞ്ചാബ് കിങ്‌സ് ഇലവനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയശിൽപ്പികളിൽ ഏറ്റവും പ്രധാനപ്പെട്ട താരം.

ഒരു സമയത്ത് ക്രിക്കറ്റ് ലോകം ഒന്നടങ്കം രാഹുലിനെ പഴിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട് പരിഹസിക്കപ്പെട്ടു. എന്നാൽ, ഒരു മിനിറ്റ് കൊണ്ട് അതെല്ലാം മാറിമറിഞ്ഞു. വളരെ നിർണായക സമയത്ത് മെല്ലെപ്പോക്ക് കളികൊണ്ട് തെവതിയ വിമർശിക്കപ്പെടുമ്പോൾ ഹരിയാനയിലെ സിഹി ഗ്രാമത്തിലുള്ളവർ വലിയ ആത്മവിശ്വാസത്തിലായിരുന്നു. രാജസ്ഥാൻ റോയൽസിനെ തെവതിയ വിജയതീരമണയ്‌ക്കും എന്ന ശുഭാപ്‌തി വിശ്വാസം അവർക്കുണ്ടായിരുന്നു. ഒടുവിൽ അത് സംഭവിച്ചു. പഞ്ചാബിന്റെ കുന്തമുനയായ ഷെൽഡൻ കോട്രെല്ലിനെ അഞ്ച് തവണ അതിർത്തി കടത്തി തെവതിയ എല്ലാവരെയും ഞെട്ടിച്ചു. മെല്ലെപ്പോക്കിനു പഴികേട്ടവൻ രാജസ്ഥാന്റെ രക്ഷകനായി മാറിയ നിമിഷം. ‘ഹിറ്റ് വിക്കറ്റ് ആയി കയറി പോകൂ തെവതിയ’ എന്ന ആക്രോശങ്ങൾക്കിടയിൽ നിന്ന് ഒരു വീരനെ പോലെ തെവതിയ നെഞ്ചുവിരിച്ചു നിന്ന നിമിഷം.

Read Also: അശ്വിൻ കളിക്കില്ല; ജയം തുടരാൻ ഡൽഹി, ആദ്യജയം തേടി സണ്‍റൈസേഴ്‌സ്

“രാഹുൽ പിൻമാറില്ലെന്ന് ഉറപ്പായിരുന്നു. 18 വർഷമായി ഞങ്ങൾ ഇങ്ങനെയൊരു നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. വിജയിക്കേണ്ടത് അവനും അത്യാവശ്യമായിരുന്നു,” തെവതിയയുടെ അങ്കിൾ ധരംബിർ പറഞ്ഞു.

ഫരിദബാദിലെ ഒരു ചെറിയ ഗ്രാമമാണ് സിഹി. ഇവിടെ നിന്നാണ് രാഹുൽ തെവതിയ എന്ന താരം പിറവിയെടുക്കുന്നത്. സിഹിയുടെ ചരിത്രത്തിൽ രാഹുലിന്റെ പേരും എഴുതിചേർക്കപ്പെട്ടതായി തെവതിയയുടെ അച്ഛൻ കൃഷ്ണപാൽ പറയുന്നു. ഒരു ഗ്രാമം മുഴുവൻ ഇപ്പോൾ തങ്ങളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെവതിയയുടെ തിരഞ്ഞെടുപ്പുകളിൽ ക്രിക്കറ്റിനു വലിയ സ്ഥാനമുണ്ടായിരുന്നില്ല. തെവതിയയുടെ മുത്തച്ഛൻ ഒരു കർഷകനായിരുന്നു. തെവതിയയുടെ ഒരു അങ്കിൾ ഹരിയാന ഹോക്കി ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. തങ്ങളുടെ ഗ്രാമത്തിലെ പ്രധാന കായികവിനോദം ഹോക്കി ആയിരുന്നു എന്നും കൃഷ്ണപാൽ പറയുന്നു.

തെവതിയ ക്രിക്കറ്റിൽ തൽപരനായിരുന്നു. ഒൻപത് വയസുള്ളപ്പോൾ തെവതിയയെ ഹരിയാന നഴ്‌സറിയിലേക്ക് തിരഞ്ഞെടുത്തു. കായിക വിഭാഗത്തിൽ രണ്ട് വർഷത്തെ സ്‌കോളർഷിപ്പ് നൽകുന്നതായിരുന്നു ഇത്. ഇവിടെ നിന്നാണ് തെവതിയയുടെ കായികലോകം പിറവിയെടുക്കുന്നത്.

12 വയസുള്ളപ്പോൾ തെവതിയ ഫരിദബാദിലെ വിജയ് യാദവ് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പിന്നീട് ഹരിയാനയ്ക്ക് വേണ്ടി അണ്ടർ-14, 16, 19, 22 ടീമുകളിൽ ഇടം നേടി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Read Also: രാജസ്ഥാൻ വിശ്വാസമർപ്പിച്ച, പഞ്ചാബിനെയും ലോകത്തെയും ഞെട്ടിച്ച താരം; ആരാണ് രാഹുൽ തെവതിയ?

ഹരിയാന ടീമിൽ സ്ഥിരമാകാൻ തെവതിയ കുറേ കാത്തിരിക്കേണ്ടി വന്നു. ക്രിക്കറ്റിൽ വളരെ മോശം കാലവുമുണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് തെവതിയ ഐപിഎല്ലിൽ ഇടം നേടിയത്.

ക്രിക്കറ്റ് കരിയറിൽ എല്ലായ്‌പ്പോഴും അവസാന അഞ്ച് ഓവറുകളിൽ റൺസ് കണ്ടെത്തുന്നതിൽ തൽപ്പരനാണ് തെവതിയ എന്ന് താരത്തിന്റെ അങ്കിൾ ധരംബിർ പറയുന്നു. “അവസാന ഓവറുകളിൽ കൂറ്റൻ റൺസ് പിന്തുടരുക എന്നത് അവന് അസാധാരണ കാര്യമല്ല. നേരത്തെയും അവൻ ഇത് ചെയ്തിട്ടുണ്ട്. അവസാന ഓവറുകളിലെ സമ്മർദം അവൻ വളരെ കൂളായി കൈകാര്യം ചെയ്യും. അവൻ ഇക്കാര്യത്തിൽ പലപ്പോഴും വിജയിച്ചിട്ടുമുണ്ട്. സമ്മർദത്തിനു അടിമയാകുന്ന സ്വഭാവം അവനില്ല.” ധരംബിർ പറഞ്ഞു

തെവതിയയുടെ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ യാദവും ഇതേ അഭിപ്രായക്കാരനാണ്. തെവതിയയെ ബോളിങ് ഓൾറൗണ്ടർ എന്ന നിലയിലാണ് അതുവരെ പലരും കണ്ടിരുന്നത്. എന്നാൽ അങ്ങനെ അല്ല. തെവതിയ നല്ലൊരു ബാറ്റ്‌സ്‌മാൻ ആണെന്ന് യാദവ് പറയുന്നു. ബാറ്റിങ്ങിലൂടെ ശ്രദ്ധിക്കപ്പെടണമെന്ന് താൻ തെവതിയയോട് പലപ്പോഴും പറഞ്ഞിട്ടുള്ളതായി യാദവ് വെളിപ്പെടുത്തുന്നു. തെവതിയയുടെ ബാറ്റിന്റെ വേഗതയും ബാക്ക് ലിഫ്റ്റും ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയെ പോലെ വളരെ അനായാസമുള്ളതാണെന്ന് യാദവ് പറഞ്ഞു. മറ്റ് താരങ്ങളേക്കാൾ സമ്മർദം കെകാര്യം ചെയ്യാൻ പ്രത്യേക കഴിവുള്ള താരമാണ് തെവതിയ. കളിക്കളത്തിൽ അദ്ദേഹം വളരെ കൂളായിരിക്കുമെന്നും യാദവ് പറയുന്നു.

രാഹുൽ തെവതിയയുടെ 2017 ലെ ഒരു ട്വീറ്റ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ താരവും തെവതിയ തന്നെ. പഞ്ചാബ്-രാജസ്ഥാൻ മത്സരത്തിനു മുൻപ് തെവതിയയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് 22,000 ആയിരുന്നു. എന്നാൽ, മത്സരശേഷം അത് ഒറ്റയടിക്ക് 75,000 ത്തിലേക്ക് എത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook