ഇംഫാൽ: ഫുട്ബോളിലെ തന്റെ ഇഷ്ട ടീം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവന്റസ് ആണ് രാഹുലിന്റെ ഇഷ്ട ടീം. മണിപ്പൂരിലെ ഇംഫാലിൽ വിദ്യാർഥികളുമായി സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

രാഹുലിന്റെ ഇഷ്ട ടീം ബാഴ്സലോണയോ അതോ റയൽ മാഡ്രിഡോ ആണെന്നായിരുന്നു വിദ്യാർഥികൾക്കിടയിൽനിന്നും ഉയർന്ന ചോദ്യം. ഇതിന് രാഹുലിന്റെ മറുപടി, ”ഞാനൊരു യുവന്റസ് ആരാധകനാണ്. എന്നാൽ ബാഴ്സലോണയോ റയൽ മാഡ്രിഡോ ആണ് ഇഷ്ടമെന്ന് ചോദിച്ചാൽ, ഞാനൊരു റയൽ മാഡ്രിഡ് ആരാധകനാണ്.”

റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നിടത്തോളം താനൊരു റയൽ മാഡ്രിഡ് ആരാധകനായിരുന്നുവെന്നും രാഹുൽ വെളിപ്പെടുത്തി. രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയം തുടരുന്നതിന്റെ ഭാഗമായാണ് മണിപ്പൂരില്‍ വിദ്യാര്‍ഥികളുമായി രാഹുൽ സംവദിച്ചത്.

യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തുടർച്ചയായി മൂന്നു കിരീടം നേടിക്കൊടുത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ വർഷമാണ് റൊണാൾഡോ യുവന്റസിലേക്ക് മാറിയത്. 9 വർഷം റയൽ മാഡ്രിഡിന് വേണ്ടി കളിച്ച ശേഷമാണ് റൊണാൾഡോ യുവന്റസിലേക്ക് പോയത്. ഗോൾ വേട്ടയിൽ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും ടോപ് സ്കോററാണ് റൊണാൾഡോ. 450 ഗോളുകളാണ് റൊണാൾഡോയുടെ പേരിലുളളത്. ഈ സീസണിൽ നിലവിൽ യുവന്റസിന്റെയും ടോപ് സ്കോററാണ് റൊണാൾഡോ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ