മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന് പിറന്നാളിനു മുൻപേ ഉഗ്രനൊരു സമ്മാനം നൽകിയിരിക്കുകയാണ് മകൻ സാമിത് ദ്രാവിഡ്. ബിടിആർ കപ്പിനുവേണ്ടിയുളള അണ്ടർ-14 ടൂർണമെന്റിൽ കർണാടക ക്രിക്കറ്റ് അസോസിയേഷനെ പ്രതിനീധികരിച്ച് കളിച്ച സാമിത് സെഞ്ചുറി (150) നേടി. സാമിത് മാത്രമല്ല മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ജോഷിയുടെ മകൻ ആര്യൻ ജോഷിയും സെഞ്ചുറി (1540 നേടിയിട്ടുണ്ട്.

ഇരുവരുടെയും സെഞ്ചുറിയോടെ വിവേകാനന്ദ സ്കൂളിനെതിരെ മല്യ അതിദി ഇന്റർനാഷണൽ സ്കൂൾ 500 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലായിരുന്നു 500 റൺസ് നേടിയത്. 501 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിവേകാന്ദ ടീമിന് അൽപം പോലും പിടിച്ചുനിൽക്കാനായില്ല. മല്യ സ്കൂളിന്റെ ബോളർമാർക്ക് മുന്നിൽ വിവേകാനന്ദ സ്കൂളിന്റെ ബാറ്റ്സ്മാന്മാർ തളർന്നുവീണു. 88 റൺസ് എടുക്കുന്നതിനിടെ വിവേകാനന്ദ ടീമിന്റെ മുഴുവൻ വിക്കറ്റുകളും വീണു. മല്യ അതിദി സ്കൂൾ 412 റൺസിന്റെ മികച്ച വിജയം നേടുകയും ചെയ്തു.

ബാറ്റിൽ അച്ഛനെപ്പോലെ സാമിത് വിസ്മയം തീർക്കുന്നത് ഇതാദ്യമല്ല. 2016 ൽ നടന്ന അണ്ടർ-14 മൽസരങ്ങളിലും സാമിത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടൈഗർ കപ്പിനുവേണ്ടി ബാംഗ്ലൂർ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ച് കളിച്ച സാമിത് 125 റൺസാണ് നേടിയത്. 2015 ൽ U-12 ഗോപാലൻ ക്രിക്കറ്റ് ചലഞ്ചിൽ സാമിതിനെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook