സസ്‌പെൻഷനു ശേഷം ആദ്യമായി പാഡ് കെട്ടിയ യുവതാരം പൃഥ്വി ഷാ ആദ്യ മത്സരത്തിൽ തന്നെ വരവറിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. അസമിനെതിരെ 39 പന്തിൽ 63 റൺസ് അടിച്ചുകൂട്ടിയ മുംബൈ താരം ടീമിന് 83 റൺസിന്റെ വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സയ്യിദ് മുഷ്തഖ് അലി ട്രോഫി ടൂർണമന്റിലൂടെയാണ് പൃഥ്വി ഷാ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ താരത്തെ സസ്‌പെൻഡ് ചെയ്തത്.

Also Read: നാക്കല്ല, ബാറ്റ് സംസാരിക്കും! തിരിച്ചുവരവ് ആഘോഷിച്ച് പൃഥ്വി ഷായുടെ വെടിക്കെട്ട്

മടങ്ങി വരവിൽ എല്ലാ കണ്ണുകളും പൃഥ്വി ഷായിലേക്ക് തന്നെയായിരുന്നു. ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടി തന്ന നായകനായ പൃഥ്വി ഷാ വളരെ പെട്ടന്ന് തന്നെ സീനിയർ ടീമിലും ഇടംപിടിച്ചിരുന്നു. എന്നാൽ പരുക്കും പിന്നാലെ വിലക്കും താരത്തിന്റെ കരിയറിൽ വലിയ ഇടവേളയിട്ടു. അതേസമയം, തിരിച്ചുവരവിൽ ബാറ്റിലൂടെ തന്നെ മറുപടി നൽകിയിരിക്കുകയാണ് യുവതാരം. ഇന്ത്യൻ ടീമിലേക്കും ഉടൻ മടങ്ങി വരാനാകുമെന്ന പ്രതീക്ഷയിലാണ് പൃഥ്വി ഷാ. ഇപ്പോൾ കൂടുതൽ റൺസ് നേടാനും ടീമിന് കൂടുതൽ വിജയങ്ങൾ സമ്മാനിക്കാനുമാണ് താൻ ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു.

Also Read: ധോണി അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ സെഞ്ചുറി അടിച്ചേനെ: ഗൗതം ഗംഭീര്‍

“റൺസ് നേടുന്നത് തുടരും. എന്റെ ജോലി റൺസ് സ്കോർ ചെയ്യലും ടീമിന് ജയം സമ്മാനിക്കലുമാണ്. ബാക്കിയെല്ലാം സെലക്ടർമാർ എന്തു ചിന്തിക്കുന്നുവെന്നത് അനുസരിച്ചായിരിക്കും” ഷാ പറഞ്ഞു. ജീവിതത്തിൽ ഏറ്റവും തളർന്നു പോയ ദിവസങ്ങളായിരുന്നു അതെന്നും എന്നാൽ നിർദേശങ്ങളുമായി രാഹുൽ ദ്രാവിഡ് എപ്പോഴും കൂടെയുണ്ടായിരുന്നെന്നും വിലക്കിലായ സമയത്തെക്കുറിച്ച് ഷാ പറഞ്ഞു.

Also Read: ഇതെന്തൊരു കുതിപ്പ്!; ഐസിസി ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ നേട്ടം കൊയ്ത് ഷമിയും മായങ്കും

“അത്തരത്തിലൊന്ന് സംഭവിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലാക്കാൻ സാധിച്ചില്ല. എന്റെ മനസിൽ ഒന്നുമില്ലായിരുന്നു. എന്നാൽ രാഹുൽ ദ്രാവിഡ് സാർ എന്നെ ക്രിക്കറ്റ് അക്കാദമിയിലേക്ക് വിളിച്ചു. യോയോ ടെസ്റ്റ് ഉൾപ്പടെയുള്ള ഫിറ്റ്നസ് കാര്യങ്ങളിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, വരുൺ ആരോൺ എന്നിവരെ നെറ്റ്സിൽ നേരിടാൻ കഴിഞ്ഞു. രാഹൽ ദ്രാവിഡ് എപ്പോഴും മാർഗനിർദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു” ഷാ പറഞ്ഞു.

സയ്യിദ് മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിലെ അസമിനെതിരായ മത്സരത്തിൽ ഓപ്പണിങ് പങ്കാളി ആദിത്യ താരെയുമൊത്ത് മികച്ച കൂട്ടുകെട്ടാണ് ഷാ പടുത്തുയര്‍ത്തിയത്. ഇതിന്റെ ബലത്തില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 206 റണ്‍സ് നേടി. ഷായും താരെയും വെടിക്കെട്ട് പ്രകടനമാണ് തുടക്കത്തിലേ നടത്തിയത്. 138 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പതിയെത്തുടങ്ങി പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്ന ശൈലിയാണ് ഷാ പുറത്തെടുത്തത്. 32 പന്തുകളിലാണ് ഷാ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook