അണ്ടർ-19 ലോകകപ്പ് ഇന്ത്യയുടെ ചുണക്കുട്ടികൾ ഉയർത്തിയപ്പോൾ ആത്മാഭിമാനം കൊണ്ടത് ഇന്ത്യയുടെ വൻമതിലായിരുന്നു. ഒരു കോച്ചെന്ന നിലയിൽ രാഹുൽ ദ്രാവിഡ് തലയുയർത്തി നിന്ന നിമിഷം. ലോകകപ്പ് നേടിയെങ്കിലും ഇന്ത്യയുടെ യുവതാരങ്ങൾ അമിതാഹ്ലാദം കാട്ടിയില്ല. 2008 ൽ വിരാട് കോഹ്ലിയുടെ നായകത്വത്തിൽ ലോകകപ്പ് നേടിയപ്പോൾ മൈതാനത്ത് അരങ്ങേറിയ ആഘോഷം പെട്ടെന്ന് മറക്കാനാവില്ല. പക്ഷേ 2018 ൽ പൃഥ്വി ഷായുടെ നായകത്വത്തിൽ ഇന്ത്യ 4-ാമത് ലോകകപ്പ് നേടിയപ്പോൾ അതിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു ആഘോഷം. ഇതിനു പിന്നിൽ കോച്ച് രാഹുൽ ദ്രാവിഡിന്റെ വാക്കുകളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇന്ത്യൻ ക്രിക്കറ്റിലെ ശാന്തനായ കളിക്കാരനായിരുന്നു രാഹുൽ ദ്രാവിഡ്. കളിക്കളത്തിൽ ദ്രാവിഡിനെ കുപിതനായി കണ്ടിട്ടില്ല. വിജയങ്ങളിൽ മതിമറന്ന് ആഘോഷിച്ചിട്ടുമില്ല. താൻ പരിശീലിപ്പിച്ച കുട്ടികൾക്കും രാഹുൽ പകർന്നുകൊടുത്തത് അതായിരുന്നു. വിജയത്തിൽ അമിതമായി ആഹ്ലാദിക്കരുത്, വിജയാഘോഷം എതിർ ടീമിനെ വേദനിപ്പിക്കാതെയാകണം, ഇതുതന്നെയായിരുന്നു രാഹുലിന്റെ ചുണക്കുട്ടികളും കാട്ടിയത്.
‘നിങ്ങളുടെ ആഘോഷം ആർക്കും മോശമായി തോന്നരുത്’, ലോകകപ്പ് നേടിയ ഇന്ത്യൻ യുവനിരയോട് രാഹുൽ പറഞ്ഞത് ഇതായിരുന്നു. ”ഇത് ആഘോഷിക്കാനുളള നിമിഷമാണ്, നിങ്ങൾ ആഘോഷിക്കുക. പക്ഷേ ആരുടെ നാവിൽനിന്നും മോശമായ ഒരു വാക്കുപോലും പുറത്തുവരരുത്. ഈ വിജയം നമുക്ക് മാന്യത നഷ്ടപ്പെടുത്താതെ ആദരപൂർവ്വം ആഘോഷിക്കാം. കോച്ചിന്റെ വാക്കുകൾ താരങ്ങൾ ശിരസ്സാവഹിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്തു” ഡ്രസിങ് റൂമിൽ രാഹുൽ തന്റെ കുട്ടികളോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ അണ്ടർ-19 ലോകകപ്പ് നേടിയത്. ആദ്യമായി 4 തവണ ക്രക്കറ്റ് ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോർഡാണ് ഇന്ത്യ ഇതോടെ സ്വന്തമാക്കിയത്.