പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസും ഇന്ത്യൻ മുൻതാരം രാഹുൽ ദ്രാവിഡും വർഷങ്ങൾക്കുശേഷം കണ്ടുമുട്ടി. അണ്ടർ-19 ഐസിസി ലോകകപ്പ് മൽസരങ്ങളായി ഇരുവരും ന്യൂസിലൻഡിലേക്ക് പോകവേയാണ് വിമാനത്തിൽവച്ച് കണ്ടുമുട്ടിയത്. ഇന്ത്യയുടെ അണ്ടർ-19 ടീമിന്റെ കോച്ചാണ് രാഹുൽ ദ്രാവിഡ്.

വിമാനത്തിൽവച്ച് രാഹുലിനെ കണ്ട ഹഫീദ് ഒപ്പംനിന്ന് സെൽഫിയെടുത്തു. ട്വിറ്ററിൽ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഒപ്പം ഒരു കുറിപ്പിടുകയും ചെയ്തു. ”ക്രിക്കറ്റിലെ വൻമതിൽ എന്നറിയപ്പെടുന്ന രാഹുൽ ഭായ്‌യെ കണ്ടു. അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. എപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുകയും ക്രിക്കറ്റിൽ എന്തും സഹായവും ചെയ്യാൻ മനസ്സുളള വ്യക്തിയാണ്. അദ്ദേഹത്തിനൊപ്പം കളിക്കാനായതിൽ അഭിമാനമുണ്ട്. അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം”.

പാക് താരം ഹഫീസിനൊപ്പം വിനയത്തോടെ നിൽക്കുന്ന രാഹുലിന്റെ സെൽഫി ലോകമെമ്പാടുമുളള അദ്ദേഹത്തിന്റെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ക്രിക്കറ്റിൽനിന്നും വിരമിച്ചെങ്കിലും ആരാധകരുടെ ഉളളിൽ ഇപ്പോഴും രാഹുലുണ്ട് എന്ന് ചില കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook