ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ 3-2ന് ഇന്ത്യ വിജയിക്കാനുള്ള സാധ്യത പ്രവചിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ ‘വൻ മതിൽ’ രാഹുൽ ദ്രാവിഡ്. 2007ലെ വിജയത്തിന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യക്ക് ജയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്നും ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ട് മണ്ണിൽ അവസാനമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റനാണ് രാഹുൽ ദ്രാവിഡ്.
“ഇന്ത്യക്ക് ഈ തവണ വലിയ സാധ്യത ഉണ്ടെന്നാണ് ഞാൻ കരുതുന്നത്” കോവിഡ് ബാധിച്ചവരെ സഹായിക്കാനായി പ്രവർത്തിക്കുന്ന ലൈവ് എയ്ഡ് ഇന്ത്യ നടത്തിയ വെബ്ബിനാറിൽ രാഹുൽ പറഞ്ഞതായി ഇഎസ്പിഎൻ ക്രീക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
രവിചന്ദ്രൻ അശ്വിൻ – ബെൻ സ്റ്റോക്സ് തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകുമെന്നും നാഷണൽ ക്രിക്കറ്റ് അക്കാദമിക്ക് ഇപ്പോൾ നേതൃത്വം നൽകുന്ന രാഹുൽ ദ്രാവിഡ് പറഞ്ഞു. “ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ കുറിച്ച് യാതൊരു സംശയങ്ങളുമില്ല. അവർ ഏത് ബോളിങ് നിരയെ ഇറക്കിയാലും, പ്രത്യേകിച്ച് അവരുടെ ഫാസ്റ്റ് ബോളർമാർ, അവരുടെ പ്രകടനം ഗംഭീരമായിരിക്കും. അവർക്ക് തിരഞ്ഞെടുക്കാൻ നിരവധി കളിക്കാരുണ്ട്. അത് ഒരു പ്രശ്‌നമായേക്കും.”
“അവരുടെ ബാറ്റിങ് നിരയിലെ ആദ്യ ആറോ ഏഴോ പേരെ എടുത്താൽ അതിൽ നിങ്ങൾക്ക് ഒരു വലിയ ബാറ്റ്സ്മാനെ കാണാൻ സാധിക്കും. ജോ റൂട്ടിനെ പോലെ ഒരു ലോകോത്തര താരം അതിലുണ്ട്. തീർച്ചയായും, അടുത്തത് ബെൻ സ്റ്റോക്സ് ആണ്. അദ്ദേഹം മികച്ച ഓൾറൗണ്ടർ കൂടിയാണ്. പക്ഷെ അശ്വിൻ പല സന്ദർഭങ്ങളിലും സ്റ്റോക്സിനെതിരെ നന്നായി കളിച്ചിട്ടുണ്ട്. ഇവർ തമ്മിലെ ഏറ്റുമുട്ടൽ രസകരമായ ഒന്നായിരിക്കും. സ്റ്റോക്സ് ഇന്ത്യക്ക് എതിരെ ഇന്ത്യയിൽ നന്നായി കളിച്ചിട്ടുണ്ട് എന്നാലും ഇവരുടെ പോരാട്ടം ഈ പരമ്പരയിലെ പ്രധാനപ്പെട്ട ഒന്നായിരിക്കും.”
”ഓസ്‌ട്രേലിയക്ക് എതിരെയും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിലും മികച്ച കളി പുറത്തെടുത്ത ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ജയിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. ഇന്ത്യ നന്നായി ഒരുങ്ങിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയിലെ വിജയം ടീമിലെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് ഇംഗ്ലണ്ടിൽ കളിച്ചിട്ടുള്ളവർ ടീമിലുണ്ട്. ഈ പ്രാവശ്യം ബാറ്റിങ് നിരയിൽ അനുഭവ സമ്പത്തുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു മികച്ച അവസരമാണ്, ചിലപ്പോൾ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കും.” ദ്രാവിഡ് പറഞ്ഞു.
Read Also: കോഹ്ലിക്കും രോഹിതിനും വിശ്രമം; ‘യുവ’ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ജൂലൈയില്‍
ഇന്ത്യക്ക് തയ്യാറെടുക്കാൻ അധിക സമയം ലഭിക്കുന്നത് ആനുകൂല്യമാകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. “ഇത് നമ്മുക്ക് കിട്ടിയിരിക്കുന്ന വലിയ അവസരമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇംഗ്ലണ്ട് പരമ്പരക്ക് ഒരുങ്ങാൻ ഒരു മാസം മുഴുവൻ സമയം ലഭിക്കും. ഒരു ടെസ്റ്റ് സീരിസിന് ഒരുങ്ങാൻ മറ്റൊരു ടീമിനും ഇന്ത്യയെ പോലെ ഒരു അവസരം ലഭിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് അത് വലിയ ഒരു ആനുകൂല്യമാണ്”
“ഇംഗ്ലണ്ടിൽ ബാറ്റ്‌സ്മാന്മാർ ബഹുമാനിക്കേണ്ട ഒന്നുണ്ടെങ്കിൽ അത് അവിടത്തെ കണ്ടിഷനുകളാണ്. അത് ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിൽ നിന്നുമെല്ലാം അല്പം വ്യത്യസ്‍തമാണ്. ഒരു ബാറ്റ്‌സ്‍മാൻ എന്ന നിലയിൽ ഒരു പരിധിവരെ നിങ്ങൾ സെറ്റ് ആയിട്ടില്ല എന്നായിരിക്കും തോന്നുക. എന്നാൽ നിങ്ങൾ സെറ്റ് ആയി മികച്ച തുടക്കം നൽകിയാലും 30,40,50 റൺസിലെത്തുമ്പോൾ എല്ലാം മാറിയേക്കും, കാലാവസ്ഥയിൽ മാറ്റം വന്നേക്കും. 40-50 ഓവറിന് ശേഷവും ബോൾ സ്വിങ് ചെയ്യുന്ന സ്ഥിതിയായിരിക്കും.” രാഹുൽ തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു.