അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ സംഘത്തിന്റെ പരിശീലകനും മുന്‍ ഇന്ത്യന്‍ നായകനുമായ രാഹുല്‍ ദ്രാവിഡിന് പ്രൊഫഷണല്‍ ഫീസായി ലഭിച്ചത് 2.43 കോടി രൂപ. 2017 ഡിസംബര്‍ 31 വരെയുളള കാലയളവിലാണ് ബിസിസിഐ ഫീസ് നല്‍കിയത്. ബോളിങ് പരിശീലകനായ പരാസ് മാംബ്രേയ്ക്ക് 27 ലക്ഷം രൂപയാണ് നാല് മാസത്തെ പ്രൊഫഷണല്‍ ഫീസായി നല്‍കിയത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുളള കാലയളവിലെ ഫീസാണിത്.

ഇതിന്റെ വിവരങ്ങള്‍ ബിസിസിഐ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ വിരമിച്ച മുന്‍ ബോളര്‍ ആശിഷ് നെഹ്റയ്ക്ക് 60 ലക്ഷം രൂപ ആനുകൂല്യമായി ബിസിസിഐ നല്‍കിയിട്ടുണ്ട്. കൂടാതെ അജിങ്ക്യ രഹാനെ (1.47 കോടി), ഹാര്‍ദിക് പാണ്ഡ്യ (1.27 കോടി), കുല്‍ദീപ് യാദവ് (1.08 കോടി), വൃദ്ധിമാന്‍ സാഹ (57.81 കോടി), അഭിനവ് മുകുന്ദ് (33.69 കോടി) എന്നിവര്‍ക്കും മാച്ച്, ടൂര്‍ ഫീസ് നല്‍കിയിട്ടുണ്ട്. മുന്‍ ഡല്‍ഹി ക്രിക്കറ്ററായ മിധുന്‍ മിന്‍ഹാസിന് കശ്മീരിനായുളള പരിശീലനം കണക്കിലെടുത്ത് 75.60 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് ശേഷം നൽകിയ സമ്മാനത്തിൽ ബിസിസിഐ വിവേചനം കാട്ടിയെന്ന് മുൻ ദ്രാവിഡ് നേരത്തേ ആരോപിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ദ്രാവിഡിന് 50 ലക്ഷവും സപ്പോർട്ട് സ്റ്റാഫിന് 20 ലക്ഷം വീതവും ടീമംഗങ്ങൾക്ക് 30 ലക്ഷം വീതവുമാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്.

തന്റെ സപ്പോർട്ട് സ്റ്റാഫിന് അനുവദിച്ച തുകയും തനിക്ക് അനുവദിച്ച തുകയും തമ്മിൽ വലിയ അന്തരമുളളത് രാഹുൽ ദ്രാവിഡിനെ രോഷാകുലനാക്കുകയായിരുന്നു. ഇക്കാര്യം ബിസിസിഐയെ നേരിട്ടറിയിച്ച  ദ്രാവിഡ് എല്ലാ സപ്പോർട്ട് സ്റ്റാഫിനുമുളള സമ്മാനത്തുക വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സപ്പോർട്ട് സ്റ്റാഫും ടീമിനൊപ്പം ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് കിരീടം നേടാനായതെന്ന് ദ്രാവിഡ് പറഞ്ഞു. സുപ്രീം കോടതി നിയമിച്ച ബിസിസിഐ ഭരണസമിതിയാണ് ദ്രാവിഡിന് 50 ലക്ഷവും കളിക്കാർക്ക് 30 ലക്ഷവും സപ്പോർട്ട് സ്റ്റാഫിന് 20 ലക്ഷവും സമ്മാനം പ്രഖ്യാപിച്ചത്.

പിന്നണിയിൽ കഠിനാധ്വാനം ചെയ്ത സപ്പോർട്ട് സ്റ്റാഫിനെ മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് പുകഴ്ത്തിയിരുന്നു. “ഓരോരുത്തരുടെയും പേരെടുത്ത് പറയുന്നില്ല. എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആത്മാർത്ഥമായി പരിശ്രമിച്ചു. അതിന്റെ ഫലമാണ് ഈ നേട്ടം”, ദ്രാവിഡ് വ്യക്തമാക്കി.

“ഈ നേട്ടത്തിലൂടെ എനിക്ക് കിട്ടുന്ന മാധ്യമശ്രദ്ധ കൂടുതലാണ്. കളിക്കാരും സപ്പോർട്ട് സ്റ്റാഫുമാണ് ഈ നേട്ടം കൈവരിച്ചത്. മുഴുവൻ ക്രഡിറ്റും ഞാൻ അവർക്കാണ് നൽകുന്നത്”, ദ്രാവിഡ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ