ബെംഗളൂരു: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോച്ച് രവിശാസ്ത്രി നടത്തിയ ഒരു പരാമര്‍ശം ഏറെ വിവാദമായി മാറിയിരുന്നു. കോഹ്‌ലി നയിക്കുന്ന ടീമിനെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ട്രാവലിങ് ടീമെന്നായിരുന്നു ശാസ്ത്രി വിശേഷിപ്പിച്ചത്. ഇതിനെതിരെ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും സുനില്‍ ഗവാസ്‌കറുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത് വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ്. പെട്ടെന്നുണ്ടായ ഒരു പ്രതികരണമാകാം ശാസ്ത്രിയുടേതെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.

”പെട്ടെന്നുണ്ടായ ഒരു പ്രതികരണമാകാം അത്. പക്ഷെ ശാസ്ത്രിയ്ക്ക് എന്ത് തോന്നുന്നു, തോന്നുന്നില്ല എന്നതിനോടൊന്നും പ്രതികരിക്കാന്‍ എനിക്ക് സാധിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം പരമ്പരയില്‍ നിന്നും എന്ത് പഠിക്കാന്‍ സാധിച്ചു എന്നതാണ്. അടുത്ത തവണ അവിടെ ചെല്ലുമ്പോള്‍ നടപ്പിലാക്കേണ്ട പാഠങ്ങളെ കുറിച്ചാണ്. നമ്മള്‍ മികച്ചവരായാലും അല്ലേലും അതിലൊന്നും കാര്യമില്ല. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്” ദ്രാവിഡ് പറയുന്നു.

”സത്യസന്ധമായി പറയാലോ? ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ബാറ്റിങ്ങിന് അനുകൂലമല്ല. രണ്ട് ടീമിലേയും ബാറ്റ്സ്മാന്മാരും ബുദ്ധിമുട്ടിയിട്ടുണ്ടാകും. വിരാട് കോഹ്‌ലിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് ഇത് നല്ല പരമ്പരയായിരുന്നില്ല. ഞാന്‍ ഇംഗ്ലണ്ടില്‍ കളിച്ചതുകൊണ്ട് അത് നന്നായി അറിയാം. പക്ഷെ അഞ്ച് മത്സരങ്ങളിലും ഒരുപോലെ തന്നെ ആവുന്നത് അപൂര്‍വ്വമാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ടുള്ള നായകനാണ് ദ്രാവിഡ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook