scorecardresearch
Latest News

‘അദ്ദേഹം വ്യക്തതയും സത്യസന്ധതയും അർഹിച്ചിരുന്നു’; സാഹയോട് പരിഭവമില്ലെന്ന് ദ്രാവിഡ്

ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനുശേഷം, സാഹയെ ഒഴിവാക്കിയതാണ് പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നത്

Rahul Dravid, Indian Cricket Team
Photo: Facebook/ Indian Cricket Team

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് നേരിട്ട ആദ്യ ചോദ്യം വൃദ്ധിമാൻ സാഹയെ കുറിച്ചുള്ളതായിരുന്നു. വിഷയത്തിലേക്ക് കടക്കും മുൻപ് അൽപം തമാശ രൂപേണയായിരുന്നു മുഖ്യ പരിശീലകന്റെ പ്രതികരണം.

“ടി20 പരമ്പര നേടിയതിൽ ഞങ്ങളെ അഭിനന്ദിച്ചതിനു നന്ദി” മറുപടി പറയും മുൻപ് ദ്രാവിഡ് പറഞ്ഞൂ. “ശരിക്കും എന്നെ അത് വേദനിപ്പിച്ചില്ല, കാരണം സാഹയോടും അദ്ദേഹത്തിന്റെ നേട്ടങ്ങളിലും ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകളിലും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. എന്റെ സംഭാഷണം തന്നെ അതിൽ നിന്നായിരുന്നു. അദ്ദേഹം വ്യക്തതയും സത്യസന്ധതയും അർഹിച്ചിരുന്നുവെന്ന് എനിക്ക് തോന്നി. ഇത് ഞാൻ പൊതുവെ കളിക്കാരുമായി സംസാരിക്കുന്നതാണ്. ഞാൻ പറയുന്നതെല്ലാം എപ്പോഴും അവർ ഇഷ്ടപ്പെടണമെന്നോ അംഗീകരിക്കുമെന്നോ ഞാൻ കരുതുന്നില്ല. അത് അങ്ങനെയാണ്.”

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യ വിജയമുറപ്പിച്ചിട്ടും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനുശേഷം, സാഹയെ ഒഴിവാക്കിയതാണ് ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയിൽ നിന്ന് തനിക്ക് എങ്ങനെ ഉറപ്പ് ലഭിച്ചെന്നും ദ്രാവിഡുമായും ചീഫ് സെലക്ടർ ചേതൻ ശർമയുമായും താൻ സംസാരിച്ചിരുന്നെന്നും വിക്കറ്റ് കീപ്പർ ബാറ്ററായ സാഹ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

സാഹയ്ക്ക് സത്യസന്ധയും വ്യക്തതയും നൽകുന്നതിനുള്ള ഏറെ ബുദ്ധിമുട്ടുള്ള സംഭാഷണമായിരുന്നു അതെന്ന് ദ്രാവിഡ് പറഞ്ഞു.

“നിങ്ങൾക്ക് ആളുകളുമായി ബുദ്ധിമുട്ടേറിയ സംഭാഷണങ്ങൾ നടത്തുമ്പോൾ, അവർ നിങ്ങളോട് യോജിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാൽ നിങ്ങൾ അത് സംസാരിക്കാതെ ഒളിച്ചുവെക്കണമെന്ന് അർത്ഥമില്ല. ഓരോ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപും ആ സംഭാഷണങ്ങൾ നടത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ പോലും, ഞാനോ രോഹിതോ കളിക്കാത്ത കുട്ടികളോട് സംസാരിക്കുകയും അവർ എന്തുകൊണ്ട് കളിക്കുന്നില്ല എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യാറുണ്ട് . അതിനാൽ, എനിക്ക് ഇതിൽ വിഷമമില്ല. കളിക്കാർ ചിലപ്പോൾ അസ്വസ്ഥരാകുന്നതും വേദനിക്കുന്നതും സ്വാഭാവികമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ, വൃദ്ധി, അദ്ദേഹത്തോടുള്ള ബഹുമാനം കാരണം, അദ്ദേഹം വ്യക്തതയും സത്യസന്ധതയും അർഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതാണ് ഞാൻ പറയാൻ ശ്രമിച്ചത്. ”

ഈ വർഷം ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം മാറ്റിവെച്ച ഒരു ടെസ്റ്റും മാത്രമാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ റിഷഭ് പന്തിന് ബാക്കപ്പായി കെഎസ് ഭാരത് എന്ന പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെ കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റും സെലക്ടർമാരും തീരുമാനിച്ചത്.

“ഞങ്ങളുടെ ആദ്യ ചോയ്‌സായി റിഷഭ് പന്ത് സ്വയം ഉറപ്പായതോടെ, ഈ വർഷം മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെ വെക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയായിരുന്നു. ഈ സംഭാഷണങ്ങൾ നടത്താതിരിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള കാര്യം, പക്ഷേ അതല്ല ഞാൻ. ഞാൻ അങ്ങനെ ചെയ്യില്ല. അവർ അത് ഇഷ്‌ടപ്പെടണമെന്നോ എന്നെ ഇഷ്ടപ്പെടണമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ല, എന്നാൽ ഒരു ഘട്ടത്തിലെങ്കിലും, അവരുമായി ഈ സംഭാഷണങ്ങൾ നടത്താൻ എനിക്ക് കഴിയുനുണ്ടെന്ന വസ്തുത അവർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ദ്രാവിഡ് പറഞ്ഞു.

പന്ത് വന്നതോടെ 37 കാരനായ സാഹ പന്തിനോട് രണ്ടാം ചോയ്സ് കീപ്പറായി ടീമിൽ തുടരുകയായിരുന്നു. പന്തിന് വിശ്രമം അനുവദിച്ച ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിൽ, സാഹ രണ്ട് ടെസ്റ്റുകൾ കളിച്ചു, കഴുത്തിന് പരുക്ക് വെച്ച്, കാൺപൂരിലെ രണ്ടാം ഇന്നിംഗ്സിൽ, 61 റൺസ് നേടിയ ശേഷം, ഗാംഗുലിയിൽ നിന്ന് തനിക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അതിൽ, “ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം (ബിസിസിഐയെ പ്രസിഡന്റായി), നിങ്ങൾ ടീമിലുണ്ടാകും.” എന്നായിരുന്നു എന്നാണ് സാഹ പറയുന്നത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊടുവിൽ തന്റെ കരിയറിനെ കുറിച്ച് ഒന്നുടെ ചിന്തിക്കണമെന്ന് ദ്രാവിഡ് തന്നോട് പറഞ്ഞതായി സാഹ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു, ഇന്ത്യൻ ടീം ഭാവിയിലേക്ക് നോക്കുന്ന സാഹചര്യത്തിൽ. തന്റെ കരിയർ അവസാനിപ്പിക്കാനുള്ള പരോക്ഷ സന്ദേശമായാണ് സാഹ ഇതിനെ സ്വീകരിച്ചത്.

പിന്നീട് സെലക്ടർ ചേതൻ ശർമയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വരുന്ന രണ്ട് പാരമ്പരകളിലേക്ക് മാത്രമല്ല, ഇനിയുള്ള മത്സരങ്ങളിൽ ഒന്നും തന്നെ ഉൾപ്പെടുത്തില്ലെന്നും പറഞ്ഞതായി സാഹ പറഞ്ഞു.

Also Read: India vs West Indies: വിൻഡീസിനെതിരെ 17 റൺസ് ജയം; ടി20 പരമ്പരയും തൂത്തുവാരി ഇന്ത്യ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rahul dravid on saha he deserved honesty and clarity