ചെന്നൈ: ഹാര്‍ദ്ദിക് പാണ്ഡ്യ-കെഎല്‍ രാഹുല്‍ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസതാരവുമായി രാഹുല്‍ ദ്രാവിഡ്. വിവാദങ്ങള്‍ ഓവര്‍ റിയാക്ട് ചെയ്യേണ്ടതില്ലെന്നാണ് ദ്രാവിഡ് പറയുന്നത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സുപ്രീം കോടതി ഓംബുഡ്‌സ്മാനെ നിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദ്രാവിഡിന്റെ പ്രതികരണം. ഇത്തരം സംഭവം ഇതാദ്യമല്ലെന്നും പരിധി വിട്ട് വിമര്‍ശനങ്ങള്‍ കടന്നു പോകരുതെന്നുമായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായം.

”ഇതാദ്യമായല്ല സംഭവിക്കുന്നത്. ഭാവിയില്‍ ഉണ്ടാകില്ല എന്നുമല്ല. നമ്മള്‍ അമിതമായി പ്രതികരിക്കേണ്ടതില്ലെന്നാണ് എനിക്ക് പറയാനുള്ളത്” ദ്രാവിഡ് പറഞ്ഞു. അതേസമയം, താരങ്ങളെ അവരുടെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ് അത്യാവശ്യമെന്നും ദ്രാവിഡ് വ്യക്തമാക്കി.

”താരങ്ങള്‍ പല ടീമില്‍ നിന്നും വരുന്നവരാണ്. അവരുടെ ഉത്തരവാദിത്വത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങളെന്നും ഉണ്ടാകും. പക്ഷെ നമ്മള്‍ അവരെ പഠിപ്പിക്കുകയും ശരിയായ പാതിയിലൂടെ നയിക്കുകയും വേണം. സിസ്റ്റത്തെ അധിക്ഷേപിക്കാന്‍ പറ്റില്ല എന്ന് പറയുക മാത്രമല്ല വേണ്ടത്. ഞാന്‍ കര്‍ണാടകയിലെ എന്റെ മുതിര്‍ന്നവരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പരിശീലകരില്‍ നിന്നുമാണ് പഠിച്ചത്. എന്നെ പിടിച്ചിരുത്തി ക്ലാസെടുക്കാറില്ലായിരുന്നു അവര്‍. അവരില്‍ നിന്നും ഞാന്‍ പഠിക്കുകയായിരുന്നു. ഡ്രസിങ് റൂമിലെ സീനിയേഴ്‌സില്‍ നിന്നുമാണ് നല്ലത് പഠിക്കാനാവുക. പക്ഷെ നമ്മള്‍ ഓവര്‍ റിയാക്ട് ചെയ്യേണ്ടതില്ല” അദ്ദേഹം പറഞ്ഞു.

”മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആളുകള്‍ മറക്കും. ഇന്ന് അത് വലിയ സംഭവമായിരിക്കും. പക്ഷെ അവരെ നമ്മള്‍ മെന്റര്‍ ചെയ്യുകയും പഠിപ്പിക്കുകയും വേണം. ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ അവരുടെ ഉത്തരവാദിത്വം അവരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഇന്നലെ എല്ലാം മഹത്തരമായിരുന്നു ഇന്നെല്ലാം മോശമാണെന്ന് പറയുന്നത് ശരിയല്ല” ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ