ന്യൂഡൽഹി: ലോകകപ്പ് നേടിയ ഇന്ത്യ അണ്ടർ 19 ദേശീയ ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സമ്മാനത്തുക ഉയർത്താൻ ബിസിസിഐ തീരുമാനിച്ചു. സമ്മാനത്തുകയിൽ വിവേചനം കാട്ടിയെന്ന് കോച്ച് രാഹുൽ ദ്രാവിഡ് കടുത്ത വിമർശനം ഉയർത്തിയിരുന്നു. തന്റെ നിലപാടിൽ ദ്രാവിഡ് ഉറച്ചുനിന്നതോടെയാണ് ഒടുവിൽ സമ്മാനത്തുക ഉയർത്താൻ ബിസിസിഐ തീരുമാനിച്ചത്.

പ്രധാന കോച്ചായ രാഹുൽ ദ്രാവിഡിന് 50 ലക്ഷം സമ്മാനത്തുക പ്രഖ്യാപിച്ച ബിസിസിഐ താരങ്ങൾക്ക് 30 ലക്ഷം വീതവും സപ്പോർട്ട് സ്റ്റാഫിന് 20 ലക്ഷം വീതവുമാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ രാഹുൽ ദ്രാവിഡ് അതിശക്തമായ നിലപാടെടുത്തിരുന്നു. സമ്മാനത്തുകയിൽ തനിക്ക് അമിത പ്രാധാന്യം നൽകിയെന്ന് പറഞ്ഞ കോച്ച്, സപ്പോർട്ട് സ്റ്റാഫിനടക്കം എല്ലാവർക്കും സമ്മാനത്തുക ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഇതോടെ രാഹുൽ ദ്രാവിഡിന്റെ സമ്മാനം 50 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി കുറച്ചു. മറ്റ് സപ്പോർട്ട് സ്റ്റാഫുകൾക്കും 25 ലക്ഷം വീതം സമ്മാനം ലഭിക്കും. കളിക്കാരുടെ പ്രതിഫലം 30 ലക്ഷമാകും. ന്യൂസിലൻഡിൽ ടീമിന് ഒപ്പം പര്യടനം നടത്തിയ സപ്പോർട്ട് സ്റ്റാഫിന് പുറമേ അണ്ടർ 19 ടീമിന്റെ ഒരു വർഷം നീണ്ട പരിശീലനത്തിൽ പങ്കാളികളായ എല്ലാവർക്കും 25 ലക്ഷം വീതം സമ്മാനം ലഭിക്കും.

“തനിക്ക് മാത്രം 50 ലക്ഷവും ബാക്കിയുളളവർക്ക് 20 ലക്ഷവും സമ്മാനം പ്രഖ്യാപിച്ചത് രാഹുൽ ദ്രാവിഡിനെ ചൊടിപ്പിച്ചിരുന്നു. സമ്മാനത്തുക പ്രഖ്യാപിച്ച ഉടൻ തന്നെ ദ്രാവിഡ് ഇത് ശരിയായില്ലെന്ന് ബിസിസിഐയെ അറിയിച്ചിരുന്നു. എല്ലാവരും ഒരേ പോലെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും തനിക്ക് മാത്രം അമിത പ്രാധാന്യം നൽകിയത് ശരിയല്ലെന്നും ദ്രാവിഡ് പറഞ്ഞു”, ബിസിസിഐ ബോർഡ് അംഗം പറഞ്ഞു.

ഇതോടെ ദ്രാവിഡിന് മുൻപ് അണ്ടർ 19 ടീം കോച്ചായിരുന്ന ഡബ്ല്യു വി.രാമൻ, ലോജിസ്റ്റിക്സ് മാനേജർ മനുജ് ശർമ്മ, സുമീത് മലാപുർകർ, ട്രൈനർ അമോഗ് പണ്ഡിറ്റ് എന്നിവർക്കും 25 ലക്ഷം വീതം സമ്മാനം ലഭിക്കും. ഇവർക്ക് പുറമേ അന്തരിച്ച മുൻ ട്രൈനർ രാജേഷ് സാവന്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകാനും ബോർഡ് തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ