ബാംഗ്ലൂർ: ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാൻ രാഹുൽ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നൽകി. ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന രവി ശാസ്ത്രിയുടെ ഒഴിവിലേക്കാണ് ദ്രാവിഡ് അപേക്ഷ നൽകിയിരിക്കുന്നത്.
നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചർച്ച നടത്തിയതായും രാഹുൽ സമ്മതിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി സേവനമനുഷ്ഠിക്കുന്ന ദ്രാവിഡിനേക്കാൾ പ്രഗൽഭരായ താരങ്ങൾ ഒന്നും അപേക്ഷ നൽകിയിട്ടില്ല എന്നാണ് അറിവ്. അതിനാൽ തന്നെ ക്രിക്കറ്റ് ഉപദേശക സമിതിയുടെ ജോലി എളുപ്പമായിയിരിക്കുകയാണ്.
“അതെ, സമയപരിധിയുടെ അവസാന ദിവസമായതിനാൽ രാഹുൽ ഇന്ന് ഔപചാരികമായി അപേക്ഷിച്ചു. എൻസിഎയിലെ അദ്ദേഹത്തിന്റെ ടീം, ബൗളിംഗ് കോച്ച് പരാസ് (മാംബ്രെ), ഫീൽഡിംഗ് കോച്ച് അഭയ് (ശർമ്മ) എന്നിവർ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപേക്ഷ ഒരു ഔപചാരികത മാത്രമായിരുന്നു, ”ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പിടിഐ റിപ്പോർട്ട് ചെയ്തു.
Also Read: T20 World Cup: ബുംറയെ ഉപയോഗിക്കുന്നതില്‍ വീഴ്ച; കോഹ്ലിയെ വിമര്‍ശിച്ച് സഹീര്‍ ഖാന്
ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കലാവധി കഴിയുന്നതിനാലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.
മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകാനുള്ള സമയം ഇന്ന് വൈകുന്നേരം അഞ്ചു വരെയായിരുന്നു. ഇതിനു പുറമെ ബാറ്റിങ് കോച്ച്, ബൗളിങ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.