ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് ഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരുടെയും ഉത്തരം രാഹുൽ ദ്രാവിഡ് എന്നായിരിക്കും. ഇത് അടിവരയിടുകയാണ് അടുത്തിടെ നടന്ന ഒരു ഓൺലൈൻ വോട്ടെടുപ്പ്. സമൂഹമാധ്യമങ്ങളിൽ വിസ്ഡൻ ഇന്ത്യ ഡോട്ട് കോം സംഘടിപ്പിച്ച വോട്ടെടുപ്പിൽ സാക്ഷൽ സച്ചിൻ ടെൻഡുൽക്കറെക്കാളും വോട്ട് ലഭിച്ചത് ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡിനായിരുന്നു. ഫൈനൽ റൗണ്ടിൽ ചെറിയ മാർജിനിലാണ് ദ്രാവിഡ് സച്ചിനെ മറികടന്നത്.
Also Read: ഫുട്ബോൾ ലോകത്തെ ‘മിശിഹ’; മെസിയുടെ ഉയിർത്തെഴുന്നേൽപ്പുകൾ
വോട്ടിങ്ങിൽ പങ്കെടുത്ത 11400 ആളുകളിൽ 52 ശതമാനം ആളുകളും ദ്രാവിഡിന് വോട്ട് ചെയ്തപ്പോൾ സച്ചിന് ലഭിച്ചത് 48 ശതമാനം വോട്ടുകളാണ്. “കളിക്കളത്തിലേത് പോലെ തന്നെ വോട്ടെടുപ്പിലും അദ്ദേഹം നിന്ന് പൊരുതി. ഒടുവിൽ മാന്യമായ ലീഡും സ്വന്തമാക്കി,” വിസ്ഡൻ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബാറ്റ്സ്മാന്മാരെ ഉൾപ്പെടുത്തിയാണ് വോട്ടെടുപ്പ് നടന്നത്. 16 താരങ്ങളാണ് വോട്ടെടുപ്പിലുണ്ടായിരുന്നത്. ഇതിൽ നിന്നുമാണ് ഫൈനൽ റൗണ്ടിലേക്ക് സച്ചിനും ദ്രാവിഡും എത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്ന് ഗവാസ്കറാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
Also Read: ഇംഗ്ലണ്ടിൽ ഐസൊലേഷൻ പൂർത്തിയാക്കി വിൻഡീസ് ടീം; മത്സരത്തിന് മുമ്പ് കോവിഡ് പോരാളികൾക്ക് ആദരം
200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15921 റൺസാണ് സച്ചിൻ സ്വന്തമാക്കിയത്. ഇതിൽ 51 സെഞ്ചുറിയും 68 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. 164 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13288 റൺസാണ് ദ്രാവിഡിന്റെ അക്കൗണ്ടിലുള്ളത്.