ലയണൽ മെസിയുടെ കളി നേരിട്ട് കാണാൻ കഴിഞ്ഞതിന്രെ സന്തോഷത്തിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യയുടെ അണ്ടർ-19 കോച്ചുമായ രാഹുൽ ദ്രാവിഡ്. ശനിയാഴ്ച ക്യാമ്പ് നൗവിൽ നടന്ന ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുളള കളി കാണാൻ ഗ്യാലറിയിൽ ദ്രാവിഡുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പമാണ് ദ്രാവിഡ് കളി കാണാനെത്തിയത്. ദ്രാവിഡിന് ബാഴ്സയുടെ ജേഴ്സി സമ്മാനിച്ചാണ് അധികൃതർ വരവേറ്റത്. മത്സരത്തിൽ അത്ലറ്റിക്കോയെ 2-0 ത്തിന് ബാഴ്സ തകർത്തിരുന്നു.
”എപ്പോഴും മനസിൽ കൊണ്ടുനടന്നിരുന്ന സ്വപ്നമായിരുന്നു ക്യാമ്പ് നൗവിലെത്തി ഫുട്ബോൾ കളി കാണുക. ഇവിടെ വന്ന് ഫുട്ബോൾ ആരാധകർക്കിടയിൽ ഇരുന്ന് മത്സരം കണ്ടത് വളരെ ആവേശകരമായിരുന്നു. മെസിയെയും സുവാരസിനെയും പോലുളള കളിക്കാരുടെ കളി നേരിൽ കാണുകയെന്നത് എന്നെയും കുടുംബത്തെയുംം സംബന്ധിച്ച് വലിയ ഭാഗ്യാണ്,” ദ്രാവിഡ് പറഞ്ഞു.
”മെസി അസാധാരണ പ്രതിഭയാണ്. അദ്ദേഹത്തിന്റെ കളി നേരിൽ കാണാൻ കഴിഞ്ഞത് ഇപ്പോഴും എനിക്ക് അവിശ്വസനീയമാണ്. മെസിയെക്കാൾ മികച്ച ഒരു കളിക്കാരൻ ഇനി വരുമെന്നു ഞാൻ കരുതുന്നില്ല. അദ്ദേഹമൊരു ഇതിഹാസ താരമാണ്. അദ്ദേഹത്തിന്റെ കളി നേരിൽ കാണാൻ കഴിഞ്ഞതുതന്നെ ഭാഗ്യം,” ദ്രാവിഡ് പറഞ്ഞു.
ക്യാമ്പ് നൗവിലെ അന്തരീക്ഷം ഐപിഎല്ലിലേതു പോലെയാണെന്നും ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ രാഹുൽ പറഞ്ഞു.