കരീബിയൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ചാംപ്യന്മാരെ തേടിയുള്ള അവസാന ലാപ്പിലേക്ക് എത്തുമ്പോൾ കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും ടൂർണമെന്റിന്റെ മാറ്റ് കൂട്ടുന്നു. അത്തരത്തിലൊരു മത്സരമായിരുന്നു ഇന്നലെ നടന്ന രണ്ടാം സെമിഫൈനൽ പോരാട്ടം. ഗുയാന ആമസോണിനെ അനായാസം കീഴ്പ്പെടുത്തി ഡാരൻ സാമി നയിക്കുന്ന സെന്റ് ലൂസിയ സൂക്സ് കലാശപോരാട്ടത്തിന് യോഗ്യത നേടി. ഗുയാനയെ 55 റൺസിന് പുറത്താക്കിയായിരുന്നു ലൂസിയ സൂക്സ് കരുത്ത് കാട്ടിയത്.

എന്നാൽ മത്സരത്തിന്റെ മുഴുവൻ ശ്രദ്ധയും നേടിയത് റഖീം കോൺവാളായിരുന്നു. ഏറ്റവും ഭാരമുള്ള ക്രിക്കറ്റർ എന്ന നിലയിൽ ഇതിനോടകം തന്നെ ക്രിക്കറ്റ് ആരാധകർക്കിടയിൽ സുപരിചിതമായ പേരാണ് കോൺവാളിന്റേത്. വിൻഡീസ് ദേശീയ ടീമിന്റെയടക്കം ഭാഗമായ റഖീം ഇത്തവണ താരമായത് സൂപ്പർമാനെ പോലെ ഒറ്റക്കയ്യിൽ നേടിയ ഒരു തകർപ്പൻ ക്യാച്ചിലൂടെയാണ്.

Also Read: ജയസൂര്യയുടെ സെഞ്ചുറി മുതൽ ചോരവാർന്ന് വാട്സൺ നേടിയ 80 വരെ; ആരാധകരെ എന്നും ത്രസിപ്പിച്ചിട്ടുള്ള മുംബൈ-ചെന്നൈ പോരാട്ടങ്ങൾ

55 റൺസിന് ഒമ്പതും വിക്കറ്റും വീണ ഗുയാന ആമസോൺ വാരിയേഴ്സിന്റെ അവസാന പ്രതീക്ഷയായിരുന്നു ഇമ്രാൻ താഹിറും നവീൻ ഉൾ ഹഖും. സാധാരണമായ ഒരു വാലറ്റ തകർച്ചയിലേക്ക് തന്നെയാണ് ഗുയാനയും പോയത്. സഹിർ ഖാനെറിഞ്ഞ അവസാന ഓവറിൽ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല താഹിറിനും നവീനും. എന്നാൽ പൊരുതാനുറച്ച ഇമ്രാൻ താഹിറിനെ സ്ലിപ്പിലുണ്ടായിരുന്ന റഖീം പിടികൂടുകയായിരുന്നു.

അതേസമയം, മത്സരത്തിൽ 56 റൺസെന്ന വിജയലക്ഷ്യം സൂക്സ് അനായാസം മറികടന്നു. 4.3 ഓവറിലായിരുന്നു സൂക്സ് വിജയത്തിലെത്തിയത്. അവിടെയും താരമായത് റഖീം തന്നെ. മൂന്ന് പടുകൂറ്റൻ സിക്സർ ഉൾപ്പടെ 17 പന്തിൽ 32 റൺസാണ് താരം സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook