ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം അറിയപ്പെടുന്നത് ഓൾറൗണ്ടർ റഖീം കോൺവാളിന്റെ പേരിൽ കൂടിയായിരിക്കും. രാജ്യന്തര ക്രിക്കറ്റ് കളിച്ച ഏറ്റവും ഭാരമേറിയ താരമെന്ന റെക്കോർഡിട്ട് വിൻഡീസ് ഓൾറൗണ്ടർ റഖീം കോൺവാൾ ചരിത്രത്തിന്റെ ഭാഗമായത്. ആറ് അടി ആറ് ഇഞ്ച് ഉയരമുള്ള റഖീം കോൺവാളിന്റെ ഭാരം 140 കിലോ ഗ്രാമിന് മുകളിലാണ്.
മുൻ ഓസിസ് നായകൻ വാർവിക്ക് ആംസ്ട്രോങ്ങിന്റെ റെക്കോർഡാണ് റഖിം കോൺവാൾ മറികടന്നത്. ഓസ്ട്രേലിയക്കായി 50 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ആംസ്ട്രോങ്ങിന്റെ ഭാരം 133-139 കിലോ ഗ്രാമായിരുന്നു. 1902 മുതൽ 1921 വരെയുള്ള കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന ആംസ്ട്രോങ് പത്ത് മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചിട്ടുമുണ്ട്.
Also Read: അർധ സെഞ്ചുറിയുമായി കോഹ്‌ലിയും മായങ്കും; വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് റഖിം കോൺവാളിന് ദേശീയ ടീമിൽ സ്ഥാനം നേടികൊടുത്തത്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച റഖീം 260 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 24.43 ശരാശരിയിൽ 2224 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റവും റഖീം മോശമാക്കിയില്ല. 27 ഓവറുകൾ വിൻഡീസിനായി എറിഞ്ഞ കോൺവാൾ 69 റൺസ് മാത്രം വിട്ടു നൽകി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയുടെ ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് റഖീം സ്വന്തമാക്കിയത്. ഇന്ത്യൻ താരങ്ങളെ റൺസെടുക്കുന്നതിൽ നിന്ന് തടയുന്നതിലും പ്രധാന പങ്കുവഹിച്ചത് കോൺവാളായിരുന്നു.
വിൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.