ഇംഗ്ലീഷ് പ്രമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ബോമൗത്തിനെതിരായ മത്സരത്തിൽ 1 എതിരെ 2 ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. മത്സരത്തിന്രെ അവസാന മിനുറ്റിൽ റഹീം സ്റ്റെർലിങ്ങാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് ലീഗിൽ 7 പോയിന്റായി.

ബോമൗത്തിനെതിരെ കടുത്ത വെല്ലുവിളിയാണ് സിറ്റിക്ക് നേരിടേണ്ടിവന്നത്. മത്സരത്തിന്റെ 13 മിനുറ്റിൽ ഡാനിലേസിന്റെ തകർപ്പൻ വോളിയിലൂടെ ബോമൗത്താണ് ആദ്യം ലീഡ് എടുത്തത്.

എന്നാൽ മിനുറ്റുകൾക്കം കൗമാരതാരം ജീസസ് നവാസിന്റെ ഗോളിലൂടെ സിറ്റി സമനില പിടിച്ചു. പിന്നീടങ്ങോട്ട് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സിറ്റി എതിരാളികളുടെ ഗോൾമുഖത്ത് ഭീതിവിതച്ചു. ഗോളെന്നുറച്ച ഒരു ഡസനോളോം അവസരങ്ങളാണ് സിറ്റി സൃഷ്ടിച്ചത്.

മത്സരം സമനിലയിൽ പിരിയുമെന്ന് കരുതിയ ഘട്ടത്തിലാണ് റഹീം സ്റ്റേർലിങ്ങ് സിറ്റിയുടെ രക്ഷകനായത്. കെവിൻ ഡിബ്രൂയ്ൻ നൽകിയ പാസ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പായിച്ച് സ്റ്റെർലിങ്ങ് സിറ്റിക്ക് തകർപ്പൻ ജയം സമ്മാനിച്ചു. ഗോൾ നേടിയതിന് ശേഷം ആരാധകരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയതിന് റഫറി ചുവപ്പ് കാർഡ് നൽകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ