ബെംഗളൂരു: തങ്ങളുടെ കന്നി ടെസ്റ്റിന് ഇറങ്ങിയ അഫ്‌ഗാനിസ്ഥാനെ അഞ്ച് ദിവസം തികച്ച് കളിക്കാന്‍ പോലും അനുവദിക്കാതെ രണ്ടാം ദിനം തന്നെ തകര്‍ത്താണ് ഇന്ത്യ സ്വാഗതം ചെയ്‌തത്. പക്ഷെ കളിയ്‌ക്ക് ശേഷം നടന്ന സംഭവങ്ങള്‍ ക്രിക്കറ്റില്‍ സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പ് എന്നത് എത്ര സുന്ദരമാണെന്ന് കാണിച്ചു തരുന്നതായിരുന്നു. അതിലുപരി അജിങ്ക്യ രഹാനെ എന്ന നായകന്‍ എതിരാളികളെ ബഹുമാനിക്കുന്നത് എങ്ങനെയെന്നും കാണിച്ച് തരികയായിരുന്നു.

മൽസരശേഷം നടന്ന പുരസ്‌കാര ദാന ചടങ്ങിനിടെ വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഫോട്ടോസെഷനിടെയായിരുന്നു സംഭവം. ഇന്ത്യന്‍ ടീം ഫോട്ടോയ്‌ക്ക് തയ്യാറെടുക്കവെ അഫ്‌ഗാന്‍ താരങ്ങളേയും ക്ഷണിക്കുകയായിരുന്നു. അഫ്‌ഗാന്‍ നായകനെയും താരങ്ങളേയും കൈകൊടുത്ത് സ്വീകരിക്കുന്ന രഹാനെ കൈയ്യടി നേടുകയാണ്. ഇരുടീമുകളും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. തങ്ങളുടെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട അഫ്‌ഗാനെ അങ്ങനെ വിഷമത്തോടെ വിടാന്‍ തയ്യാറായിരുന്നില്ല രഹാനെ.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അഫ്‌ഗാനിസ്ഥാന് ബാറ്റിങ് ദുരന്തം. ഏക ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ 474 റണ്‍സ് പിന്തുടര്‍ന്ന അഫ്‌ഗാന്‍ താരങ്ങള്‍ ആദ്യ ഇന്നിങ്സില്‍ 109 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സിനും ഓള്‍ ഔട്ടായി.

ഇതോടെ ഇന്നിങ്‌സിനും 262 റണ്‍സിനുമാണ് ഇന്ത്യ, അഫ്‌ഗാനിസ്ഥാനെതിരായ ചരിത്ര മൽസരം വിജയിച്ചത്. രണ്ടാം ഇന്നിങ്‌സിലും അഫ്‌ഗാനിസ്ഥാന് പൊരുതി നോക്കാനുളള സമയം പോലും നല്‍കാതെയാണ് ഇന്ത്യ വിജയം കൊയ്‌തത്.

അഹമ്മദ് ഷെഹ്സാദും ജാവേദ് അഹമ്മദുമാണ് അഫ്‌ഗാന്നു വേണ്ടി ഇന്നിങ്സ് ആരംഭിച്ചത്. അഫ്‌ഗാന്റെ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ഓപ്പണിങ് ചെയ്‌തതിന്റെ റെക്കോര്‍ഡ് ഇവരുടെ പേരിലായി ഇതോടെ. ഉമേഷ് യാദവിനെ ബൗണ്ടറി പായിച്ചുകൊണ്ട് ഷെഹ്സാദ് അഫ്‌ഗാന്റെ ആദ്യ ടെസ്റ്റ് റണ്‍സും ബൗണ്ടറിയും സ്വന്തമാക്കി. അതേസമയം, സ്‌കോര്‍ 15 ല്‍ എത്തി നില്‍ക്കെ റണ്‍ ഔട്ടായി ഷെഹ്‌സാദ് ആ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

എന്നാല്‍ പിന്നീടങ്ങോട്ട് ഒന്നൊന്നായി ബാറ്റ്‌സ്‌മാന്മാര്‍ കൂടാരം കയറി. വെറും 27.5 ഓവറിലാണ് ഒന്നാം ഇന്നിങ്സില്‍ അഫ്‌ഗാന്‍ നിര ഒന്നാകെ വീണത്. മുഹമ്മദ് നബി 24 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മുജീബ് ഉര്‍ റഹ്മാന്‍ 15 ഉം മുഹമ്മദ് ഷഹ്സാദ്, റഹ്മത്ത് ഷാ എന്നിവര്‍ 14 റണ്‍സ് വീതവും നേടി.

ആര്‍.അശ്വിനാണ് ഇന്ത്യന്‍ ബോളിങ്ങില്‍ തിളങ്ങിയത്. എട്ടോവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇശാന്ത് ശര്‍മ്മ അഞ്ചോവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ