ഹൈദരാബാദ്: രണ്ട് നായകന്മാരുടെ അരങ്ങേറ്റത്തിനാണ് കഴിഞ്ഞ ദിവസം ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി അജിന്‍ക്യാ രഹാനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കെയിന്‍ വില്യംസണും. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും പുറത്തായ സാഹചര്യത്തിലാണ് ഇരുവരും നായകസ്ഥാനത്തേക്ക് എത്തിയത്. മത്സരത്തിന് മുന്നോടിയായി ടോസ് ചെയ്യുന്നതിനിടെ വില്യംസണ് പറ്റിയ മണ്ടത്തരവും കിവീസ് താരത്തെ സഹായിക്കാന്‍ രഹാനെ രംഗത്തെത്തിയതും രസകരമായ കാഴ്ച്ചയായി മാറി.

ടോസ് നേടിയ വില്യംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവതാരകനായ ഡാനി മോറിസണ്‍ ഹൈദരാബാദിന്റെ അവസാന ഇലവനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നായകന് മണ്ടത്തരം പറ്റിയത്. നാല് വിദേശ താരങ്ങളുമായാണ് തങ്ങള്‍ കളിക്കാനിറങ്ങുന്നതെന്ന് പറഞ്ഞ വില്യംസണ്‍ അവരുടെ പേരുകള്‍ പറയുന്നതിനിടെ നാലാമന്റെ പേര് മറന്നു പോവുകയായിരുന്നു.

”റാഷിദ് ഖാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, ഞാനും പിന്നെ ഒരാള്‍ കൂടെയുണ്ട്,” എന്നായിരുന്നു വില്യംസണ്‍ പറഞ്ഞത്. താരത്തിന് അമളി പറ്റിയെന്ന് കണ്ടതോടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യാ രഹാനെ ഇടപെടുകയായിരുന്നു. ബംഗ്ലാദേശ് താരമായ ഷാക്കിബ് അല്‍ ഹസന്റെ പേരായിരുന്നു വില്യംസണ്‍ മറന്നത്. ഷാക്കിബിന്റേ പേര് രഹാനെ വില്യംസണിനെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു.

മത്സരത്തിന്റെ സമ്മര്‍ദ്ദത്തിനിടെ വീണുകിട്ടിയ നര്‍മ്മത്തിന്റെ നിമിഷം താരങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. അതേസമയം, മത്സരത്തില്‍ രാജസ്ഥാനെ ഹൈദരാബാദ് പരാജയപ്പെടുത്തി. ഒമ്പത് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 16ാം ഓവറില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ