ജൊഹന്നാസ്ബർഗ്: ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയതാണ് കലാപം. അജിങ്ക്യ രഹാനെയെ ഒഴിവാക്കിയതും ടെസ്റ്റിൽ മികച്ച റെക്കോഡില്ലാത്ത രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. എന്നാൽ മൂന്നാം ടെസ്റ്റിൽ വിമർശകരുടെ വായടപ്പിക്കാൻ രോഹിത് ശർമ്മ അനുകൂലികൾക്ക് ഉഗ്രൻ ആയുധം കിട്ടിയിരിക്കുകയാണ്.

രോഹിത് ശർമ്മയെ ഒഴിവാക്കി മൂന്നാം ടെസ്റ്റിനുളള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയ അജിങ്ക്യ രഹാനെ തിളങ്ങാതെ മടങ്ങിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളാകെ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യ 113 റൺസെടുത്ത് നിൽക്കേയാണ് നാലാമനായി അജിങ്ക്യ രഹാനെ മടങ്ങിയത്. വെറും ഒൻപത് റൺസ് മാത്രമാണ് രഹാനെ നേടിയത്. മോർനെ മോർക്കലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് രഹാനെ പുറത്തായത്.

മധ്യനിരയിൽ രഹാനെയും ദക്ഷിണാഫ്രിക്കൻ ബോളിംഗിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുമെന്നത് പ്രതീക്ഷിച്ചത് തന്നെയാണെന്ന് ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. രഹാനെയുടെ അവസാന ആറ് ഇന്നിംഗ്സുകളിലെ പ്രകടനം ഉയർത്തിക്കാട്ടിയാണ് രോഹിത്തിനെ ഒഴിവാക്കിയതിനെതിരെ ആരാധകർ രംഗത്ത് വന്നത്.

ഇന്നത്തേതടക്കം അവസാന ആറ് ഇന്നിംഗ്സുകളിൽ നിന്ന് രഹാനെ വെറും 26 റൺസാണ് ആകെ നേടിയതെന്ന് രോഹിത് അനുകൂലവാദികൾ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ 47 റൺസ് നേടിയ രോഹിത് ശർമ്മ, രഹാനെയെക്കാൾ മികച്ച ഫോമിലാണെന്നാണ് ഇവർ ഉന്നയിക്കുന്നത്.

നേരത്തേ ആദ്യ രണ്ട് ടെസ്റ്റിലും രഹാനെയെ ഒഴിവാക്കിയതിനെതിരെ വിമർശനങ്ങൾ ഉണ്ടായെങ്കിലും വിരാട് കോഹ്ലി ഇതിനെ ശക്തമായി വിമർശിച്ചിരുന്നു. പേസ് ബോളിംഗിന് അനുകൂലമായ പിച്ചിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്‌മാന്മാർക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും ഇത് രോഹിത് ശർമ്മയുടെ മാത്രം കുഴപ്പമല്ലെന്നും അദ്ദേഹം വാദിച്ചിരുന്നു. ഈ വാദത്തിന് രഹാനെയുടെ മോശം പ്രകടനം ശക്തിയേകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ