ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പര 3-0ന് ജയിച്ചു ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. വ്യാഴാഴ്ച കാൺപൂരിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുക അജിങ്ക്യ രഹാനെയാണ്.
അമിത ജോലിഭാരം കാരണം വിശ്രമം അനുവദിച്ചിരിക്കുന്ന കോഹ്ലി രണ്ടാം ടെസ്റ്റിൽ ടീമിന്റെ നായകനായി തിരിച്ചെത്തും. അതിനാൽ ആദ്യ ടെസ്റ്റിൽ മാത്രമാകും രഹാനെ ടീമിനെ നയിക്കുക.
പുതിയ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഫാസ്റ്റ് ബോളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കും ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ബിസിസിഐയുടെ വർക്ക് ലോഡ് മാനേജ്മെന്റ് പ്രകാരമാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.
ആദ്യ ടെസ്റ്റിൽ നായകനാകുന്ന രഹാനെയുടെ കഴിഞ്ഞ കുറച്ചു പരമ്പരകളിലെ സ്കോറുകൾ അത്ര മികച്ചതല്ല. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നും 268 റൺസ് മാത്രമാണ് രഹാനെ നേടിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിലും അത്ര നല്ല സ്കോർ ആയിരുന്നില്ല രഹാനെയുടെത്. ആറ് ഇന്നിങ്സുകളിൽ നിന്നും 18.66 റൺസ് ആവറേജിൽ 112 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ 49,15 എന്നിങ്ങനെ റൻസുകൾ നേടിയ രഹാനെ അതിനു ശേഷമുള്ള നാല് ടെസ്റ്റിൽ നിന്നും 15.57 റൺസ് ആവറേജിൽ 109 റൺസ് മാത്രമാണ് നേടിയത്.
അതുകൊണ്ട് തന്നെ, ടെസ്റ്റ് ടീമിൽ ഇപ്പോഴും കളിക്കുന്നതും ടീമിനെ നയിക്കുന്നതും രഹാനെയുടെ ഭാഗ്യം കൊണ്ടാണെന്നാണ് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ കരുതുന്നത്. സ്റ്റാർ സ്പോർട്സിന്റെ ‘ഗെയിം പ്ലാൻ’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് രഹാനെയുടെ പരാമർശം. ആദ്യ ടെസ്റ്റിനുള്ള ടീം തിരഞ്ഞെടുത്ത ഗംഭീർ മായങ്ക് അഗർവാളിനെയും കെ.എൽ.രാഹുലിനെയും ഓപ്പണർമാരായും ശുഭ്മാൻ ഗില്ലിനെ നാലാം ബാറ്ററായും തിരഞ്ഞെടുത്തു.
Also Read: ഷാരൂഖ് ഖാന്റെ വിജയമുറപ്പിച്ച സിക്സറിന് സാക്ഷിയായി ധോണി; ഫൊട്ടോ പങ്കുവച്ച് സിഎസ്കെ
“ഞാൻ ഓപ്പണിങ്ങിലേക്ക് മായങ്ക് അഗർവാളിനെയും കെ.എൽ.രാഹുലിനെയും തിരഞ്ഞെടുക്കുന്നു, കാരണം രാഹുൽ ഇംഗ്ലണ്ടിൽ ഓപ്പൺ ചെയ്തിരുന്നു. മിക്കവാറും ശുഭ്മൻ ഗിൽ നാലാമതായിരിക്കും ബാറ്റ് ചെയ്യുക. അതാണ് എനിക്ക് കാണേണ്ടത്. രഹാനെ ഈ ടീമിന്റെ ഭാഗമായിരിക്കുന്നതും ടീമിനെ നയിക്കുന്നതും ഭാഗ്യം കൊണ്ടാണ്.പക്ഷെ വീണ്ടും അയാൾക്ക് ഒരു അവസരം ലഭിച്ചിരിക്കുന്നു, അദ്ദേഹത്തിന് അത് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കാം” ഗംഭീർ പറഞ്ഞു.
മുൻ ക്രിക്കറ്റർ ആകാശ് ചോപ്രയും രഹാനയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്തു. ടീമിലെ സ്ഥാനം പോലും വലിയ ചോദ്യ ചിഹ്നമാണെന്ന് അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രതികരണം. രണ്ടു വർഷമായി രഹാനെയുടെ ആവറേജ് ഒരുപാട് താഴെ പോയെന്നും സമീപകാലത്തു അത് 20 ലേക്ക് എത്തിയെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യ -ന്യൂസീലൻഡ് ആദ്യ ടെസ്റ്റ് നവംബർ 25 മുതൽ 29 വരെ കാൺപൂരും രണ്ടാം മത്സരം ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ മുംബൈയിലുമാണ്.
ഇന്ത്യ ടീം: അജിങ്ക്യ രഹാനെ, കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, കെഎസ് ഭാരത്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ