റോം: ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി തന്റെ ശക്തി ഒരിക്കല്‍ കൂടി എതിരാളികളെ ഓര്‍മ്മിപ്പിച്ച് റാഫേല്‍ നദാല്‍. സെര്‍ബിയന്‍ താരം നോവാക് ദ്യോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്ത് ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാണ് നദാല്‍ വരവറിയിച്ചത്. സ്‌കോര്‍ 6-0,4-6,6-1.

നദാലിന്റെ 34-ാം എടിപി മാസ്‌റ്റേഴ്‌സ് 1000 കിരീടമാണിത്. 33 മാസ്റ്റേഴ്‌സ് കിരീടം നേടിയവരായിരുന്നു ദ്യോക്കോയും നദാലും. ഇന്നത്തെ വിജയത്തോടെ ദ്യോക്കോവിച്ചിനെ നദാല്‍ മറി കടന്നു. നദാലിന്റെ ഒമ്പതാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

ദ്യോക്കോവിച്ചിനെ തകര്‍ത്തു കൊണ്ടായിരുന്നു നദാല്‍ ആരംഭിച്ചത്. ഓപ്പണിങ് സെറ്റില്‍ ദോക്കോയെ 6-0 ന് തകര്‍ത്തു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടയതില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു സ്‌കോര്‍കാര്‍ഡ്. എന്നാല്‍ രണ്ടാം സെറ്റില്‍ ദ്യോക്കോ തിരികെ വന്നു. ഇതോടെ മത്സരം വാശിയേറിയതായി. പക്ഷെ ചാമ്പ്യന്‍ സ്റ്റൈലില്‍ നദാല്‍ തിരികെ വരികയായിരുന്നു.

”ഇവിടെ കളിക്കുക എന്നത് എന്നെ സംബന്ധിച്ച് അഭിമാനമാണ്. 2005 ല്‍ ഇവിടെ ആദ്യമായി കളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു” തന്റെ 12-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന് പിന്നാലെ ഇറങ്ങുന്ന നദാല്‍ കിരീട നേട്ടത്തിന് പിന്നാലെ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്ന് കിരീടം നേടുക സന്തോഷമുള്ള കാര്യമാണെന്നും ഇതിഹാസ താരം പറഞ്ഞു.

വനിതാ വിഭാഗത്തില്‍ കരോളിന പ്ലിസ്‌കോവയ്ക്ക് കിരീടം. യോഹന്ന കോന്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പ്ലിസ്‌കോവ കളിമണ്‍ കോര്‍ട്ടില്‍ തന്റെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട മത്സരത്തില്‍ 6-3, 6-4 എന്ന സ്‌കോറിനായിരുന്നു പ്ലിസ്‌കോവയുടെ ജയം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook