വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനിലെ റാഫേല്‍ നദാല്‍-ഡെല്‍പോര്‍ട്ടോ പോരാട്ടം ടെന്നീസ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ഒന്നാകുമെന്നുറപ്പാണ്. രണ്ടു പേരും ഒപ്പത്തിന് ഒപ്പം നിന്ന മത്സരം ആവേശപ്പോരാണ് കാണികള്‍ക്ക് സമ്മാനിച്ചത്. അഞ്ച് മണിക്കോറോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് നദാല്‍ ജയിച്ചത്. എന്നാല്‍ അതിനേക്കാളൊക്കെ മനോഹരമായിരുന്നു മത്സര ശേഷം നടന്നത്.

മത്സരത്തിന് മുന്നോടിയായി മുന്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ ആന്‍ഡി മുറെ മാച്ച് ഓഫ് ദ ടൂര്‍ണമെന്റെന്നായിരുന്നു നദാല്‍- ഡെല്‍ പോര്‍ട്ടോ പോരാട്ടത്തെ വിശേഷിപ്പിച്ചത്. അത് അക്ഷാര്‍ത്ഥത്തില്‍ വാസ്തവമായിരുന്നു. നാല് മണിക്കൂറും 47 നീണ്ടു നിന്നു ഇരുവരും തമ്മിലുള്ള അങ്കം.

ഒടുവില്‍ മാച്ച് പോയന്റ് നേടി നദാല്‍ വിജയിച്ചപ്പോള്‍ പൊരുതി നിന്ന ഡെല്‍ പോര്‍ട്ടോ മൈതാനത്ത് വീണു കിടന്ന് കരയുകയായിരുന്നു. തന്റെ പതിവ് ശൈലിയില്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി നിന്നു കൊണ്ട് കാണികളെ അഭിവാദ്യം ചെയ്ത നദാല്‍ പിന്നാലെ വീണു കിടന്ന ഡെല്‍ പോര്‍ട്ടോയ്ക്ക് അരികിലേക്ക് എത്തി.

ഡെല്‍ പോര്‍ട്ടോയെ കൈ കൊടുത്ത് എഴുന്നേല്‍പ്പിച്ച നദാല്‍ ആ പോരാളിയെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിച്ചപ്പോള്‍ ഗ്യാലറി നിര്‍ത്താതെ കൈയ്യടിക്കുകയായിരുന്നു. രണ്ടു താരങ്ങളുടേയും വാശിയേറിയ പോരാട്ട വീര്യത്തിനും ഉലയാത്ത സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പിനുള്ളതായിരുന്നു ആ കൈയ്യടികള്‍.

2011 ന് ശേഷം ഇതാദ്യമായാണ് നദാല്‍ വിംബിള്‍ഡണിന്റെ സെമയില്‍ എത്തുന്നത് എന്നതും ശ്രേദ്ധേയമാണ്. അതേസമയം, പൂല്‍ക്കോര്‍ട്ടിലെ പോരാട്ടത്തില്‍ കെവിന്‍ ആന്‍ഡേഴ്‌സണോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ഇതിഹാസ താരം റോജര്‍ ഫെഡറര്‍ മടങ്ങിയതിന് പിന്നാലെയാണ് നദാലിന്റെ പോരാട്ട വീര്യം ജയിച്ചു കയറിയത്.

സെമയില്‍ മറ്റൊരു സൂപ്പര്‍ താരമായ ദ്യോക്കോവിച്ചാണ് നദാലിന്റെ എതിരാളി. അതായത് ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും തീപാറുമെന്ന്. ആ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ