scorecardresearch
Latest News

‘നീ കൊള്ളാലോടാ ചെക്കാ’; തനിക്കൊപ്പം കളിക്കണമെന്ന ബോള്‍ ബോയിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നദാല്‍

കളി തുടങ്ങിയതും ബോള്‍ ബോയി കാണികളെ ശരിക്കും ഞെട്ടിച്ചു. മനോഹരമായ ഫോര്‍ ഹാന്റുകളുമായി ബോള്‍ ബോയി നദാലിന്റെ ഷോട്ടുകള്‍ക്ക് മറുപടി നല്‍കി

പാരിസ്: തനിക്കൊപ്പം ടെന്നീസ് കളിക്കണമെന്ന ബോള്‍ ബോയിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണില്‍ ഫ്രാന്‍സ് താരം റിച്ചാര്‍ഡ് ഗാസ്‌ക്വറ്റിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ബോള്‍ ബോയിയുടെ ആഗ്രഹം താരം നിറവേറ്റി കൊടുത്തത്.

മൽസര ശേഷം പതിവ് പോലെ വിജയിയെ അഭിമുഖം ചെയ്യാനെത്തിയ അവതാരകയാണ് നദാലിനോട് ബോള്‍ ബോയിയുടെ ആഗ്രഹത്തെ കുറിച്ച് പറയുന്നത്. ”നിങ്ങള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. പക്ഷെ ഈ ബോള്‍ ബോയി നിങ്ങളുടെ ഏറ്റവും വലിയ ആരാധകനാണ്. അവന്റെ സ്വപ്‌നമാണ് നിങ്ങള്‍ക്കൊപ്പം കളിക്കുക എന്നത്.” ഇത് കേട്ടതും ഒട്ടും മടിക്കാതെ നേരെ തന്റെ കിറ്റിനരികിലേക്ക് പോയ നദാല്‍ രണ്ട് റാക്കറ്റുകളുമായി തിരികെ എത്തി.

അപ്പോഴേക്കും അരികിലെത്തിയ ബോള്‍ ബോയ്ക്ക് റാക്കറ്റിലൊന്ന് കൈമാറി കൊണ്ട് ചെവിയില്‍ എന്തോ പറഞ്ഞു നദാല്‍. പിന്നാലെ രണ്ടു പേരും കോര്‍ട്ടിലേക്ക് ഇറങ്ങി. കളി തുടങ്ങിയതും ബോള്‍ ബോയി കാണികളെ ശരിക്കും ഞെട്ടിച്ചു. മനോഹരമായ ഫോര്‍ ഹാന്റുകളുമായി ബോള്‍ ബോയി നദാലിന്റെ ഷോട്ടുകള്‍ക്ക് മറുപടി നല്‍കി. പയ്യന്റെ കളിയില്‍ നദാലും ഹാപ്പിയായി.

കാണികളും ഇരുവരുടേയും കളി ഏറെ ആസ്വദിച്ചു. ഓരോ ഷോട്ടും കൈയ്യടികളോടെയാണ് ഗ്യാലറി സ്വീകരിച്ചത്. പയ്യന്‍ വളര്‍ന്ന് വലിയ താരമായി മാറുമെന്നാണ് തോന്നുന്നത് എന്നായിരുന്നു മൽസര ശേഷം അവതാരകനും മുന്‍ അമേരിക്കന്‍ താരവുമായ ജോണ്‍ മക്കന്റോയി പറഞ്ഞത്.

അതേസമയം, തന്റെ 11-ാം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിട്ട് കളിക്കുന്ന നദാലിന്റെ അടുത്ത എതിരാളി മാക്‌സ്മിലിയന്‍ മാര്‍റ്റെറര്‍ ആണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rafa nadal rallies with ball boy after richard gasquet win at roland garros watch video