പാരീസ്: വംശീയ അധിക്ഷേപത്തിൽ കലങ്ങിമറിഞ്ഞ് ഫുട്‌ബോൾ മൈതാനം. ചാംപ്യൻസ് ലീഗിൽ പിഎസ്‌ജി, ടർക്കിഷ ക്ലബായ ഇസ്താംബുൾ പോരാട്ടത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വംശീയ അധിക്ഷേപത്തെ തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു. വംശീയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് താരങ്ങൾ മൈതാനം വിടുകയായിരുന്നു. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ തന്നെ അത്യപൂർവ സംഭവമാണിത്.

ഇസ്താംബുൾ അസിസ്റ്റന്റ് കോച്ചിനെതിരെ ഫോർത് ഒഫിഷ്യൽ വംശീയ പരാമർശം നടത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇസ്താംബുൾ അസിസ്റ്റന്റ് കോച്ച് പിറെ വെബോയാണ് വംശീയ അധിക്ഷേപത്തിനു ഇരയായത്. മത്സരത്തിനിടെ ഇസ്താംബുൾ അസിസ്റ്റന്റ് കോച്ചിന്റെ ഭാഗത്തു നിന്ന് എന്തോ പിഴവ് സംഭവിച്ചു. ഇതിൽ റെഡ് കാർഡ് നൽകാൻ മാച്ച് റഫറി എത്തിയപ്പോഴാണ് ഫോർത് ഒഫിഷ്യലായ സെബാസ്റ്റ്യൻ കോൾട്ടെസ് ഇസ്താംബുൾ അസിസ്റ്റന്റ് കോച്ചിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. മാച്ച് റഫറിക്ക് ഇസ്താംബുൾ അസിസ്റ്റന്റ് കോച്ചിനെ ചൂണ്ടിക്കാണിച്ചുകൊടുത്തത് ഫോർത് ഒഫിഷ്യലാണ്.

വംശീയ അധിക്ഷേപ ചുവയുള്ള പരാമർശത്തോടെയാണ് ഫോർത് ഒഫിഷ്യലായ സെബാസ്റ്റ്യൻ ഇസ്താംബുൾ അസിസ്റ്റന്റ് കോച്ചിനെ വിശേഷിപ്പിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് ‘This Black guy’ എന്നാണ് ഫോർത് ഒഫിഷ്യൽ ഇസ്താംബുൾ അസിസ്റ്റന്റ് കോച്ചിനെ വിശേഷിപ്പിച്ചത്. ഇത് ഇസ്താംബുൾ താരങ്ങളെ ചൊടിപ്പിച്ചു. ഇസ്താംബുൾ ടീം ഒന്നടങ്കം പ്രതിഷേധിച്ചു. ആളെ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് അങ്ങനെ എടുത്ത് പറഞ്ഞതെന്ന് ഫോർത് ഓഫിഷ്യൽ (നാലാം റഫറി) ന്യായീകരിക്കാൻ ശ്രമിച്ചു. എന്നാൽ, ഇസ്താംബുൾ താരങ്ങൾ ഒറ്റക്കെട്ടായി ഫോർത് ഒഫിഷ്യലിനെ ചോദ്യം ചെയ്യുകയായിരുന്നു. നിങ്ങൾ ഒരു വെള്ളക്കാരനെ ചൂണ്ടികാണിക്കാൻ ‘This White guy’ എന്നു വിശേഷിപ്പിക്കുമോ എന്ന് ഇസ്താംബുൾ ടീമിലെ താരം ഡെംബ ബാ ഫോർത് ഒഫിഷ്യലിനോട് ചോദിക്കുന്നുണ്ട്.

നെയ്‌മർ അടക്കമുള്ള സൂപ്പർ താരങ്ങളും ഇസ്താംബുൾ താരങ്ങൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തി. ഫോർത് ഒഫിഷ്യലിന്റെ വംശീയ അധിക്ഷേപത്തിനെതിരെ പിഎസ്‌ജി താരങ്ങളും പ്രതിഷേധിച്ചു.

Read Also: റൊണാൾഡോയ്‌ക്ക് ഇരട്ട ഗോൾ; മെസിക്കും കൂട്ടർക്കും സ്വന്തം തട്ടകത്തിൽ വെള്ളിടി

ഒടുവിൽ ഇസ്താംബുൾ, പിഎസ്‌ജി താരങ്ങൾ ഫോർത് ഒഫിഷ്യലിന്റെ നടപടിയിൽ പ്രതിഷേധിച്ച് മെെതാനം വിട്ടു. ഫോർത് ഒഫിഷ്യലിനെ മാറ്റി ഇന്ന് വീണ്ടും മത്സരം നടത്തുമെന്ന് യുവേഫ അധികൃതർ അറിയിച്ചു. വിവാദ സംഭവത്തിൽ അന്വേഷണവും നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook