കേപ്ടൗണ്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റ് കേപ്ടൗണില്‍ നടക്കുകയാണ്. മേധാവിത്വം ഉറപ്പിക്കാന്‍ രണ്ട് ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. മൽസരത്തിന്റെ ചൂടും ചൂരും മൈതാനത്തിന് പുറത്തേക്കും പടര്‍ന്നിട്ടുണ്ട്. പരമ്പരയില്‍ ഓരോ കളികള്‍ വീതം ജയിച്ച് രണ്ട് ടീമുകളും ഒപ്പത്തിന് നില്‍ക്കുകയാണ്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 28/1 എന്ന നിലയിലാണ്. നേരത്തെ ഓസ്‌ട്രേലിയയെ 255 റണ്‍സിന് പോര്‍ട്ടീസ് ഓള്‍ ഔട്ടാക്കിയിരുന്നു. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം 311 റണ്‍സായിരുന്നു. മൽസരത്തില്‍ ഇന്നലെ ശ്രദ്ധേയമായ നിമിഷം ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പുറത്താകലായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാര്‍ ആദ്യമേ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ പ്രധാന പേസറായ കഗിസോ റബാഡയെ തന്നെ കണക്കിന് വാര്‍ണര്‍ പ്രഹരിച്ചു. മനോഹരമായ ഒരു സിക്‌സറടക്കം റബാഡയുടെ പന്തില്‍ വാര്‍ണര്‍ നേടി. എന്നാല്‍ അസാമാന്യ തിരിച്ചു വരവിലൂടെ റബാഡ വാര്‍ണറെ പുറത്താക്കുകയായിരുന്നു.

ലെഗ് സ്റ്റമ്പിന് മുന്നില്‍ പിച്ച് ചെയ്ത പന്ത് ഓഫ് സ്റ്റമ്പിലേക്ക് കയറുകയായിരുന്നു. പന്തിന്റെ വേഗതയില്‍ സ്റ്റമ്പ് കറങ്ങി തെറിച്ച് വീഴുകയായിരുന്നു. അതിമനോഹരമായ കാഴ്ചയെന്നായിരുന്നു ആ നിമിഷത്തെ ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിച്ചത്. വാര്‍ണര്‍ക്ക് പോലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. 14 പന്തില്‍ നിന്നും 30 റണ്‍സുമായാണ് വാര്‍ണര്‍ പുറത്തായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ